കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം കൗൺസിലറും മുൻ ഡിവൈഎസ്പിയും ഇഡിയ്ക്ക് മുൻപിൽ ഹാജരായി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വടക്കാഞ്ചേരി നഗരസഭ കൗൺസിലറും സിപിഎം നേതാവുമായ മധു അമ്പലപുരവും മുൻ ഡിവൈഎസ്പി ഫേമസ് വർഗീസും ഇഡിക്ക് മുന്നിൽ വീണ്ടും ഹാജരായി. കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാര്‍ മധുവിന്‍റെ പേരിലും നിക്ഷേപം നടത്തിയതായാണ് ഇഡിയുടെ സംശയം.

സതീഷ് കുമാറിന്റെ തർക്കം പരിഹരിക്കാൻ ഇരിങ്ങാലക്കുട മുൻ ഡിവൈഎസ്പിയായിരുന്ന ഫേമസ് വർഗീസ് ഇടനില നിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവരങ്ങളറിയാനാണ് ഇദ്ദേഹത്തെ വീണ്ടും വിളിച്ച് വരുത്തിയത്.

കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനാണ് മുൻ ഡിവൈഎസ്പിയായിരുന്ന ഫേമസ് വർഗീസ് ഇടനില നിന്നത്. മറ്റ് ഇടപാട് ഒന്നും മുഖ്യപ്രതിയുമായി ഉണ്ടായിട്ടില്ലെന്നാണ് നേരത്തെ ഫേമസ് വർഗീസ് നൽകിയ മൊഴി. എന്നാലിക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നാണ് ഇഡി നിലപാട്.

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സഹകരണ സൊസൈറ്റി റജിസ്ട്രാർ ടിവി സുഭാഷ് ഐഎഎസ്, റബ്കോ എംഡി പിവി ഹരിദാസ് എന്നിവരെയും എൻഫോഴ്സ്മെന്‍റ് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിയ്ക്കാണ് ഇരുവരോടും ഹാജരാകാൻ ഇഡി നിർദ്ദേശം നൽകിയിട്ടുള്ളത്.

കരുവന്നൂർ ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പ് ഉന്നത സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്ത് കൊണ്ട് റിപ്പോർട്ട് ചെയ്തില്ല എന്നതിനായിരിക്കും സഹകരണ സൊസൈറ്റി റജിസ്ട്രാർ ഉത്തരം നൽകണ്ടത്. സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ വർഷങ്ങളായി തട്ടിപ്പ് നടക്കില്ലെന്നാണ് ഇഡി നിഗമനം. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് റബ്കോ എംഡി പിവി ഹരിദാസനെ ചോദ്യം ചെയ്യുന്നത്.