കരമനയിലെ ദുരൂഹമരണങ്ങൾ; മൃതദേഹങ്ങൾ ദഹിപ്പിച്ചതു അന്വേഷണത്തിന് വെല്ലുവിളി

കരമനയിലെ  ദുരൂഹമരണങ്ങൾ അന്വേഷിക്കാനായി ജയമാധവൻ നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ആവശ്യപ്പെട്ട് പൊലീസ് മെഡിക്കൽ കോളജിന് കത്ത് നൽകി. മൃതദേഹങ്ങൾ സംസ്കരിച്ചതിനാൽ തുടർ അന്വേഷണം ബുദ്ധിമുട്ടേറിയതാണെന്ന് പ്രത്യേക സംഘം വിലയിരുത്തി. പ്രാഥമികമായി ദുരൂഹത സംശയിക്കാവുന്നതു രണ്ട് മരണങ്ങളിലാണെന്നാണു പൊലീസിന്റെ നിഗമനം.

വ്യാജ വിൽപത്രത്തിലൂടെ സ്വത്തു തട്ടിയെടുത്തെന്നും സ്വത്തിന്റെ അവകാശികളായിരുന്ന കുടുംബത്തിലെ 7 പേരുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നുമാണ് പരാതിയെങ്കിലും സ്വത്തു തട്ടിയെടുത്തതിൽ മാത്രമാണ് കരമന പൊലീസ്  കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിൽ തട്ടിപ്പു സ്ഥിരീകരിച്ചാൽ മാത്രം മരണങ്ങളെക്കുറിച്ചും അന്വേഷിക്കാനാണു തീരുമാനം. മരണത്തിൽ അന്വേഷണമുണ്ടെങ്കിൽ പോലും ഏറ്റവും ഒടുവിൽ മരിച്ച ജയമാധവൻ നായർ, ജയപ്രകാശ് എന്നിവരുടെ മരണത്തിൽ മാത്രം സംശയിച്ചാൽ മതിയെന്നുമാണു വിലയിരുത്തൽ.

2008 ൽ മാതാവ് സുമുഖിയമ്മ മരിച്ചതോടെയാണു സ്വത്ത് ഇവരിൽ മാത്രമായതും ഇവർക്കു ശേഷം അന്യാധീനപ്പെടുന്ന സാഹചര്യമുണ്ടായതും. അതു കൊണ്ട് ആദ്യം പരിശോധിക്കുക 2017 ലുണ്ടായ ജയമാധവന്റെ മരണമാണ്. മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചതിനാൽ അന്നു തന്നെ അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തിരുന്നു. പോസ്റ്റുമോർട്ടത്തിൽ സംശയമൊന്നും പറഞ്ഞിട്ടില്ലെങ്കിലും അന്നെടുത്ത ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വീണ്ടും ലഭിക്കാനാണ് പൊലീസ് നീക്കം.

വിഷം ഉൾപ്പെടെ എന്തെങ്കിലും ദുരൂഹത കണ്ടാൽ കേസ് വീണ്ടും അന്വേഷിക്കും. 2012 ൽ മരിച്ച ജയപ്രകാശിന്റെ പോസ്റ്റുമോർട്ടം നടത്തിയിട്ടില്ല. ഹൃദയ തകരാറിനെ തുടർന്നു കുഴഞ്ഞു വീണു രക്തം ഛർദിച്ചു മരിച്ചെന്ന മൊഴിയാണു ചിലർ നൽകുന്നത്. എതെങ്കിലും തരത്തിലുള്ള ചികിൽസാ രേഖകൾ ലഭ്യമാണോയെന്നും അന്വേഷിക്കും. ഇവരുൾപ്പെടെ മരിച്ചവരുടെയെല്ലാം മൃതദേഹം ദഹിപ്പിച്ചു സംസ്കരിച്ചതിനാൽ ശാസ്ത്രീയ തെളിവു ശേഖരണവും നടക്കില്ല. രണ്ട് പേരുടെയും സംസ്കാരം നടത്തിയതു സ്വത്ത് തട്ടിയെടുത്തെന്ന ആരോപണം നേരിടുന്ന രവീന്ദ്രനാണന്നതാണു നിലവിൽ ദുരൂഹത വർധിപ്പിക്കുന്ന സാഹചര്യം. അതിനാൽ പരമാവധി മൊഴികളും സാഹചര്യ തെളിവുകളും ശേഖരിക്കുകയാണ് ആദ്യഘട്ടം.