ഈ സമയത്ത് ഹര്‍ത്താല്‍ നടത്തുന്നത് ശത്രുത വര്‍ധിപ്പിക്കാനേ ഉപകരിക്കൂ: കാന്തപുരം

പൗരത്വ നിയമത്തിനെതിരെ ചില സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ചൊവ്വാഴ്ചയിലെ ഹര്‍ത്താല്‍ ശത്രുത കൂട്ടാനെ ഉപകരിക്കൂയെന്ന് മാതൃഭൂമി നന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കാന്തപുരം പറഞ്ഞു.ചൊവ്വാഴ്ച ഹര്‍ത്താല്‍ വേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും ഈ ഹര്‍ത്താല്‍ പ്രഖ്യാപനം തിടുക്കപ്പെട്ടുള്ള തീരുമാനമായെന്നും അദ്ദേഹം പറഞ്ഞു

.”ഇപ്പോള്‍ ഹര്‍ത്താലിന് സമയമായിട്ടില്ല, ഈ സമയത്ത് ഹര്‍ത്താല്‍ നടത്തുന്നത് ശത്രുത വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരായ മാത്രം നിയമമല്ല. ഇത് ഭരണഘടനയ്ക്ക് എതിരായ നിയമമാണ്”, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ചയിലെ ഹര്‍ത്താലുമായി സഹകരിക്കരുതെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കഴിഞ്ഞദിവസം മലപ്പുറത്ത് സംഘടിപ്പിച്ച എസ്.വൈ.എസ്. പൗരാവകാശ സമ്മേളനത്തിലും അഭിപ്രായപ്പെട്ടിരുന്നു. ഹര്‍ത്താല്‍ നടത്തി നാടിനെ പ്രശ്‌നത്തിലേക്ക് കൊണ്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read more

അതേസമയം, ചൊവ്വാഴ്ചയിലെ ഹര്‍ത്താലിന് ഒരു സംഘടനകളും നോട്ടീസ് നല്‍കിയിട്ടില്ലെന്നും ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും കാസര്‍കോട് ജില്ലാ പോലീസ് മേധാവിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ചയിലെ ഹര്‍ത്താലുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് യൂത്ത് ലീഗും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രചാരണപ്രവര്‍ത്തനങ്ങളിലോ ഹര്‍ത്താല്‍ നടത്തുന്നതിനോ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പങ്കാളികളാകരുതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫെയ്സ്ബുക്കില്‍ കുറിക്കുകയും ചെയ്തു.