പുസ്​തകം പഠിപ്പിക്കാൻ അനുവദിക്കില്ല എന്നത്​ താലിബാൻ രീതി; വിവാദ പുസ്തകങ്ങൾ പിൻവലിക്കില്ലെന്ന് കണ്ണൂർ വി.സി

കണ്ണൂർ സർവകലാശാലയിലെ വിവാദ പുസ്തകങ്ങൾ പിൻവലിക്കില്ലെന്ന് വൈസ്​ ചാൻസലർ ഗോപിനാഥ്​ രവീന്ദ്രൻ. പ്രതിഷേധം ഭയന്ന്​ തീരുമാനത്തിൽ നിന്ന്​ പിന്നോട്ടില്ല. സർവകലാശാലയുടെ പി.ജി സിലബസ്​ പിൻവലിക്കില്ലെന്നും​ അദ്ദേഹം പറഞ്ഞു.

സവർക്കറും ഗോൾവാൾക്കറും ആരെന്ന് പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾ അറിയണം. എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്‌സിന്റെ സിലബസിലാണ് ഇവരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗോൾവാർക്കറും സവർക്കറുമാണ്​ ഹിന്ദുത്വ രാഷ്​ട്രീയത്തിന്‍റെ അടിസ്ഥാനം. ഇന്ത്യയിലെ രാഷ്​ട്രീയ പാർട്ടികളെ കുറിച്ച്​ പഠിക്കു​മ്പാേൾ ബി.ജെ.പിയുടെ വളർച്ച എന്തെന്ന്​ വിദ്യാർത്ഥികൾ മനസിലാക്കണം. അതിനായാണ്​ സിലബസിൽ പുസ്​തകങ്ങൾ ഉൾപ്പെടുത്തിയതെന്നും വൈസ്​ ചാൻസലർ പറഞ്ഞു. ഇവർക്കൊപ്പം മഹാത്​മഗാന്ധി, ജവഹർലാൽ നെഹ്​റു, അരബി​ന്ദോ എന്നിവരുടെ പുസ്​തകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുസ്​തകം പഠിപ്പിക്കാൻ അനുവദിക്കില്ലെന്നത്​ താലിബാൻ രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.എസ് ഗോൾവാൾക്കറുടെ ‘നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു’ (വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്), വിചാരധര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി. സവർക്കറുടെ ‘ആരാണ് ഹിന്ദു’ എന്നീ പുസ്​തകങ്ങളാണ്​ സിലബസിൽ ഉൾപ്പെടുത്തിയിരുന്നത്​​. അക്കാദമിക പുസ്​തകങ്ങളായി പരിഗണിക്കാത്ത വർഗീയ പരാമർശങ്ങളുള്ള കൃതികളാണ് ഇവയെന്ന ആക്ഷേപം ശക്​തമായിരിക്കെയാണ്​ പി.ജി സിലബസ്സിൽ ഉൾപ്പെടുത്തിയിരുന്നത്​​.

എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉള്ളത്. കൃത്യമായ അജണ്ട നിശ്ചയിച്ചു കൊണ്ടാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ആരോപണം. ബോർഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെ സിലബസ് തയ്യാറാക്കി എന്ന​ ആക്ഷേപവും സിലബസിനെതിരെ ഉയർന്നിരുന്നു. ഗവേണൻസ് മുഖ്യഘടകമായ കോഴ്സിൽ സിലബസ് നിർമ്മിച്ച അധ്യാപകരുടെ താത്പര്യം മാത്രം പരിഗണിച്ചാണ് പേപ്പറുകൾ തീരുമാനിച്ചത്. സിലബസ് രൂപവത്കരണത്തിൽ വേണ്ട ചർച്ചകൾ ഒന്നും നടന്നിട്ടില്ല. മറ്റ് അധ്യാപകർ നിർദ്ദേശിച്ച പേപ്പറുകളെല്ലാം തള്ളി കളഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ്‌ കമ്മിറ്റി പാഠ്യപദ്ധതി തീരുമാനിച്ചത്.