കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം റദ്ദാക്കി; നടപടി ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി

കണ്ണൂര്‍ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം റദ്ദാക്കി ഹൈക്കോടതി. നിയമനം ശരിവെച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ചാണ് റദ്ദാക്കിയത്. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

സര്‍വകലാശാലയിലെ ചാന്‍സലറായ ഗവര്‍ണറുടെ അനുമതി ഇല്ലാതെ നടത്തിയ നിയമനം ചട്ടവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നടപടിയില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയിരുന്നത്. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ചാന്‍സലറായ ഗവര്‍ണറുടെ വിശദീകരണവും പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളെ നിയമിക്കാനുള്ള അധികാരം തനിക്കാണെന്നും വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എതിര്‍കക്ഷികളായ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍ക്കു നോട്ടിസ് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു.