ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന കമലിന്റെ ശിപാർശ അപലപനീയം: മുസ്ലിം ലീഗ്

ചലച്ചിത്ര അക്കാദമിയിലെ ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ സർക്കാരിന് കത്തെഴുതിയത് അപലപനീയമായ വാർത്തയാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ. പി. എ. മജീദ്. സർക്കാർ സ്ഥാപനങ്ങളെയെല്ലാം ഇടതുവത്കരിക്കുക എന്ന സി.പി.എമ്മിന്റെ ഒളി അജണ്ടയാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. സ്വജനപക്ഷപാതമില്ലാതെ ഭരണം നടത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സർക്കാരാണ് സ്വന്തക്കാർക്കു വേണ്ടി നിരന്തരം സത്യപ്രതിജ്ഞാ ലംഘനം നടത്തി കൊണ്ടിരിക്കുന്നതെന്നും കെ. പി. എ. മജീദ് ആരോപിച്ചു.

കെ. പി. എ. മജീദിന്റെ പ്രസ്താവന:

ഇടതുപക്ഷക്കാരായ ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ സർക്കാരിന് കത്തെഴുതിയത് അപലപനീയമായ വാർത്തയാണ്. താത്കാലിക ജീവനക്കാരായ സി.പി.എമ്മുകാരെ എല്ലാ വകുപ്പുകളിലും ഒരു മാനദണ്ഡവുമില്ലാതെ സ്ഥിരപ്പെടുത്തുന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണിത്. അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താൻ ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം അതിലേറെ ലജ്ജാവഹമായ ശിപാർശയാണ്. സർക്കാർ സ്ഥാപനങ്ങളെയെല്ലാം ഇടതുവത്കരിക്കുക എന്ന സി.പി.എമ്മിന്റെ ഒളി അജണ്ടയാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. സ്വജനപക്ഷപാതമില്ലാതെ ഭരണം നടത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സർക്കാരാണ് സ്വന്തക്കാർക്കു വേണ്ടി നിരന്തരം സത്യപ്രതിജ്ഞാ ലംഘനം നടത്തിക്കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്തെ തൊഴിൽ രഹിതരായ ലക്ഷക്കണക്കിന് ചെറുപ്പക്കാരെ അപമാനിക്കുന്ന നടപടിയാണിത്. പബ്ലിക് സർവ്വീസ് കമ്മീഷനെ പാർട്ടിയെ സേവിക്കാനുള്ള കമ്മിഷനാക്കി മാറ്റിയിരിക്കുകയാണ് സർക്കാർ. സർക്കാർ ജോലിയെന്ന സ്വപ്‌നവുമായി കഴിയുന്ന ലക്ഷങ്ങളെ വഴിയാധാരമാക്കിയിട്ടാണ് ഈ സർക്കാർ ആയിരക്കണക്കിനു പേരെ പാർട്ടി പരിഗണന മാത്രം മുൻനിർത്തി പിൻവാതിലിലൂടെ നിയമിച്ചുകൊണ്ടിരിക്കുന്നത്. വിവിധ പി.എസ്.സി ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നിയമനമില്ലാതെ അലയുമ്പോഴാണ് ഈ ചതി നടക്കുന്നത്. ഇനിയും ഈ ആഭാസം വെച്ചുപൊറുപ്പിക്കരുത്. ഈ അട്ടിമറിക്കെതിരെ യുവാക്കളുടെ പ്രതിഷേധമുയരണം. അധികാരത്തിന്റെ ഹുങ്കിൽ എന്തുമാകാം എന്ന ധാർഷ്ട്യം ചെറുക്കുക തന്നെ വേണം.