എല്ലാം ചെയ്തത് പിണറായി സര്‍ക്കാര്‍; അല്ലാത്ത വാദങ്ങളെല്ലാം അസംബന്ധം; ജൂഡ് ആന്റണിയെ തള്ളി മുന്‍മന്ത്രിമാര്‍; ദേശാഭിമാനിക്ക് പിന്നാലെ 2018 സിനിമയ്‌ക്ക് എതിരെ വിമര്‍ശനം കടുപ്പിച്ച് സി.പി.എം

തീയറ്ററില്‍ സൂപ്പര്‍ഹിറ്റായ ഓടികൊണ്ടിരിക്കുന്ന സിനിമയായ 2018നെതിരെ സിപിഎം മുഖപത്രം രംഗത്തെത്തിയതിന് പിന്നാലെ വിമര്‍ശനം കടുപ്പിച്ച് മുന്‍മന്ത്രിമാരും. ജൂഡ് ആന്തണി സിനിമ പിണറായി സര്‍ക്കാരിന്റെ സേവനങ്ങള്‍ എടുത്തുകാട്ടിയില്ലെന്നാണ് ദേശാഭിമാനി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇതേ വിമര്‍ശനമാണ് മുന്‍ ഫിഷറീസ് മന്ത്രിയായിരുന്ന ജെ.മേഴ്സിക്കുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനും ഉന്നയിക്കുന്നത്. വെബ്ദുനിയയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് ഇരുവരും സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ മാത്രം ചിന്തയില്‍ നിന്നല്ല മത്സ്യബന്ധന തൊഴിലാളികളെ കൂടി രക്ഷാപ്രവര്‍ത്തനത്തിനു ഇറക്കണമെന്ന ആശയം ഉരുതിരിഞ്ഞത്. അതൊരു സര്‍ക്കാര്‍ ഇടപെടലായിരുന്നു. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ സൈന്യത്തിനു രക്ഷാപ്രവര്‍ത്തനം നടത്താന്‍ ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ എന്തുകൊണ്ട് മത്സ്യബന്ധന തൊഴിലാളികളെ ഇറക്കി രക്ഷാപ്രവര്‍ത്തനം നടത്തിക്കൂടാ എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് അന്ന് പത്തനംതിട്ട ജില്ലാ കലക്ടറായിരുന്ന പി.ബി.നൂഹ് ആണെന്നും ജെ.മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.

‘ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ക്രിയാത്മകമായ ഇടപെടലായിരുന്നു അത്. അന്ന് പെരുംമഴയത്താണ് ലോറികള്‍ ഫ്രീസ് ചെയ്യുന്നതും ബോട്ടുകള്‍ ഷിഫ്റ്റ് ചെയ്യുന്നതും. സഭയും ആളുകളും പൊലീസും എല്ലാവരും ആ രാത്രി സഹകരിച്ചു. റെസ്‌ക്യു ഓപ്പറേഷന്റെ തുടക്കം തന്നെ കൊല്ലത്ത് നിന്നാണ്. പിന്നീട് കനകക്കുന്നില്‍ നടത്തിയ അനുമോദന സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് അവരെ കേരളത്തിന്റെ സൈന്യമെന്ന് വിളിക്കുന്നത്,’ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

നേവിക്ക് പറക്കാന്‍ പറ്റാത്ത തരത്തില്‍ അന്നു മോശം കാലാവസ്ഥയായിരുന്നു കടകംപള്ളി പറയുന്നു. സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ ഈ റെസ്‌ക്യു ഓപ്പറേഷനില്‍ ഉണ്ടായിരുന്നു. സഹകരിക്കാന്‍ സാധിക്കുന്ന ആളുകളെ മുഴുവന്‍ സഹകരിപ്പിച്ച് റെസ്‌ക്യു ഓപ്പറേഷന്‍ നടത്തണമെന്ന് മുഖ്യമന്ത്രി ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് എല്ലാവരുടെയും സഹകരണത്തോടെ തിരുവനന്തപുരത്ത് നിന്ന് മത്സ്യബന്ധന തൊഴിലാളികളെ എത്തിച്ചത്. ഏതെങ്കിലും ഒന്നോ രണ്ടോ പേര്‍ പറഞ്ഞാണ് ഇതൊക്കെ ചെയ്തതെന്ന് പറഞ്ഞാല്‍ അത് അസംബന്ധമാണ്. ഇവരെ കൊണ്ടുപോകാനും ബോട്ടുകള്‍ കൊണ്ടുപോകാനും ഉള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയത് സര്‍ക്കാര്‍ തന്നെയാണ്. തിരിച്ചുവരാനുള്ള സൗകര്യങ്ങള്‍ വരെ അന്ന് സര്‍ക്കാര്‍ ഒരുക്കി കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു അതെല്ലാമൈന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

ദേശാഭിമാനി ഇന്നലെ സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഒരു ചരിത്ര ഡോക്യുമെന്റിന് സമാനമായി നില്‍ക്കേണ്ട സിനിമയില്‍ സത്യസന്ധത വളരെ പ്രധാനമാണെന്ന് ദേശാഭിമാനി പറയുന്നു. ആഷിക് അബുവിന്റെ വൈറസ് സ്വീകരിച്ചതിന് സമാനമായ രീതി തന്നെയാണ് 2018ഉം സര്‍ക്കാര്‍ സംവിധാനത്തെ അവതരിപ്പിക്കുന്നതില്‍ സ്വീകരിച്ചത്. ഒരു ചരിത്ര ഡോക്യുമെന്റേഷന് സമാനമായി നില്‍ക്കാന്‍ സാധ്യതയുള്ള ‘ഫിക്ഷന്‍’ എന്ന നിലയില്‍ അവതരണത്തിലെ ചില സൃഷ്ടികള്‍ വലിയ പോരായ്മയാണ്, അതിനപ്പുറം അപകടവുമാണെന്ന് 2018 സിനിമയുടെ റിവ്യൂവില്‍ പത്രം വിമര്‍ശനം ഉന്നയിച്ചിരുന്നു.