'ഇങ്ങനെ കൃത്യം കണക്കുകൾ കെെയിലുണ്ടെങ്കിൽ ആ കളളവോട്ടുകൾ ചെന്നിത്തല തന്നെ ചേർത്തതാകും'; തരംതാഴ്ന്ന ആരോപണമെന്ന് കടകംപളളി

നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ നിയോജകമണ്ഡലത്തിലും വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തിരിക്കുകയാണെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തളളി മന്ത്രി കടകംപളളി സുരേന്ദ്രൻ. കളളവോട്ട് ചേർത്തതിന് പിന്നിൽ സി പി എം – ബി ജെ പി ഡീലാണെന്ന ആരോപണം തരംതാഴ്ന്നതാണ്. ഇത്തരം തരംതാഴ്ന്ന ആരോപണമല്ലാതെ പ്രതിപക്ഷനേതാവിന് ഒന്നും പറയാനില്ലേ എന്നും കടകംപളളി ചോദിച്ചു.

കഴക്കൂട്ടം മണ്ഡലത്തിലെ കളളവോട്ടിന്റെ കണക്ക് ചെന്നിത്തല പുറത്തു വിട്ടല്ലോ എന്ന് ചോദിച്ചപ്പോൾ, ഇങ്ങനെ കൃത്യം കണക്കുകൾ ചെന്നിത്തലയുടെ പക്കലുണ്ടെങ്കിൽ ആ കളളവോട്ടുകൾ ചെന്നിത്തല തന്നെ ചേർത്തതാകും എന്നായിരുന്നു കടകംപളളിയുടെ മറുപടി. കടകംപളളി സുരേന്ദ്രനാണ് കഴക്കൂട്ടത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി. കഴക്കൂട്ടത്ത് 4506 കളളവോട്ടുകളുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.

കഴക്കൂട്ടം, ഉദുമ, കൊല്ലം, തൃക്കരിപ്പൂർ, നാദാപുരം, കൂത്തുപറമ്പ് എന്നിങ്ങനെ വിവിധ മണ്ഡലങ്ങളിലെ കളളവോട്ടിന്റെ കണക്കുകളാണ് പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പുറത്തു വിട്ടത്. സി പി എമ്മും ബി ജെ പിയും കളളവോട്ടർമാരെ ചേർത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.