ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടി ശ്രദ്ധ തിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ തന്ത്രമെന്ന് ബിജെപി മുന്‍ സംസ്ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേസിലെ പ്രധാന പ്രതികളെന്ന് ആരോപിക്കപ്പെടുന്ന മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രശാന്ത് എന്നിവര്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അവരെ സംരക്ഷിക്കുകയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണ് ഈ അറസ്റ്റ് എന്ന് സംശയിക്കപ്പെടുന്നുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പറയുന്ന കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ടും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണെന്നും കെ സുരേന്ദ്ര ആരോപിക്കുന്നു. ഗൂഢാലോചനയുടെ കേന്ദ്രസ്ഥാനത്ത് ഇരുന്ന വ്യക്തിയാണ് കടകംപള്ളിയെന്നും പ്രതികളുമായി അദ്ദേഹത്തിന് വ്യക്തിപരവും സാമ്പത്തികവുമായ ഇടപാടുകളുണ്ടെന്നും ആരോപണമുണ്ടെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
തന്ത്രി ആചാരലംഘനം നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ക്ഷേത്രത്തിലെ വസ്തുക്കളുടെ സംരക്ഷകന്‍ ദേവസ്വം ബോര്‍ഡാണ്. തന്ത്രിക്ക് ആചാരപരമായ അധികാരങ്ങള്‍ മാത്രമാണുള്ളത്. ആചാരലംഘനത്തിന്റെ പേരിലാണ് കേസെടുക്കുന്നതെങ്കില്‍, ശബരിമലയില്‍ നവോത്ഥാനത്തിന്റെ പേരില്‍ ആക്ടിവിസ്റ്റുകളെ പ്രവേശിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്. തന്ത്രിക്ക് ഈ ഇടപാടില്‍ സാമ്പത്തിക ലാഭം ലഭിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരിടത്തും പറയുന്നില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.
യുഡിഎഫിനെതിരേയും കെ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചു. യുഡിഎഫ് നേതാക്കളായ അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നിവര്‍ക്കും ശബരിമലയിലെ സ്വര്‍ണകൊള്ളയില്‍ പങ്കുണ്ട്. ഇവര്‍ എന്തിനാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ സന്ദര്‍ശിച്ചതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റ് കണ്ടെത്താന്‍ പോറ്റി സോണിയാ ഗാന്ധിയെ സമീപിച്ചത് പുരാവസ്തു ഇടപാടുകള്‍ക്കാണെന്നും സോണിയാ ഗാന്ധിയുടെ സഹോദരിക്ക് ഇറ്റലിയില്‍ പുരാവസ്തു കച്ചവട സ്ഥാപനമുണ്ടെന്നും അത് എവിടെയും തെളിയിക്കാനാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Read more
കേവലം സ്വര്‍ണ്ണത്തിന്റെ മൂല്യവുമായി ബന്ധപ്പെട്ട അഴിമതിയല്ലിതെന്നും, മറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള വിഗ്രഹക്കച്ചവടമാണ് നടന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വ്യാളി രൂപം, ശിവപ്രതിമ, ദ്വാരപാലക ശില്പങ്ങള്‍, അയ്യപ്പ വിഗ്രഹത്തിന് ചുറ്റുമുള്ള ഗോളക എന്നിവ നഷ്ടപ്പെട്ടത് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര വിഗ്രഹമോഷ്ടാക്കള്‍ നടത്തുന്ന തരത്തിലുള്ള തട്ടിപ്പാണ് ഇതെന്ന ഹൈക്കോടതി നിരീക്ഷണം ഉണ്ടായിട്ടും എസ്ഐടി ആ നിലയില്‍ അന്വേഷണം നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ടെന്നും ബിജെപി നേതാവ് പറയുന്നു. ഈ കേസിലെ യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരാന്‍ കടകംപള്ളി സുരേന്ദ്രനെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്യണമെന്നും സോണിയാ ഗാന്ധിയില്‍ നിന്ന് മൊഴിയെടുക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.







