അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ നിന്നും വിട്ടു നിൽക്കാനുള്ള ഇടതു വലതു മുന്നണികളുടെ തീരുമാനത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചടങ്ങിൽ പങ്കെടുക്കാൻ പാടില്ലെന്ന ഇടത് വലത് കക്ഷികളുടെ തീരുമാനം ഭൂരിപക്ഷ സമുദായത്തോടുള്ള വെല്ലുവിളിയാണ്. ശ്രീരാമൻ ജനാധിപത്യത്തിന്റെ പ്രതീകവും മര്യാദാ പുരുഷോത്തമനുമാണെന്ന് പറഞ്ഞ സുരേന്ദ്രൻ സുപ്രീംകോടതി നിർദേശപ്രകാരമാണ് തർക്കസ്ഥലത്ത് ക്ഷേത്രം നിർമ്മിച്ചതെന്നും അതിൽ മുസ്ലിം സമൂഹം സൗഹാർദ്ദപരമായ നിലപാടാണ് സ്വീകരിച്ചതെന്നും പറഞ്ഞു.
പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം എന്ത് അടിസ്ഥാനത്തിലാണെന്ന് സുരേന്ദ്രൻ ചോദിച്ചു. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ കേരളത്തിലെ നേതാക്കൾ ഭീഷണിപ്പെടുത്തുകയാണ്. അതിനെ തിരുത്തൽ നടപടി എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ അധിക്ഷേപിക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Read more
സിപിഐഎം കെട്ടിപ്പടുത്തത് ഇവിടുത്തെ ഭൂരിപക്ഷ ജനതയാണ്. സംഘടിത മത ശക്തികളുടെ വോട്ട് ബാങ്കിനു വേണ്ടി തുടർച്ചയായി സിപിഐഎം ഭൂരിപക്ഷ സമുദായത്തെ അപമാനിക്കുകയാണ്. പ്രതിഷ്ഠാ ചടങ്ങിന് കേരളവും ഐക്യദാർഡ്യം പ്രഖ്യാപിക്കും. മത വർഗീയ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കേരളത്തിൽ വലിയ തിരിച്ചടി കിട്ടാൻ പോവുകയാണ്. ആരെ ഭയപ്പെട്ടാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുന്നതെന്ന് വ്യക്തമാണെന്നും കോൺഗ്രസിന്റേത് കപട മതേതര നിലപാടാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.