ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സ്ഥിരമായി തോറ്റ് തൊപ്പിയിടുന്നു; പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് കെ.സുരേന്ദ്രന്‍

സാങ്കേതിക സര്‍വ്വകലാശാല താത്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തളളിയ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയന് രാജിവെച്ച് പോകുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സ്ഥിരമായി തോറ്റ് തൊപ്പിയിട്ട് കൊണ്ടിരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ പൊതുസമൂഹത്തിന് മുമ്പില്‍ പരിഹാസ്യരാവുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അത്യപൂര്‍വമായ ഹര്‍ജിയിലൂടെ ചാന്‍സലറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കോടതിയില്‍ തിരിച്ചടിയേറ്റത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. ഗവര്‍ണറുടെ നിലപാട് ശരിവെക്കുകയും സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ തുറന്ന് കാണിക്കുകയും ചെയ്യുന്നതാണ് കോടതിയുടെവിധി.

അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടി ഖജനാവിലെ പണം ഉപയോഗിച്ച് നിയമപോരാട്ടം നടത്തി വീണ്ടും വീണ്ടും നാണംകെടുന്ന ഇടത് സര്‍ക്കാര്‍ കേരളത്തിന് അപമാനമാണ്. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സര്‍ക്കാരിന്റെ ശുപാര്‍ശകള്‍ ഗവര്‍ണര്‍ തള്ളിയത് കോടതി ശരിവെച്ചത് സര്‍ക്കാരിന്റെ എല്ലാ വാദങ്ങളും തള്ളുന്നതിന് തുല്ല്യമാണ്. കെടിയു താത്ക്കാലി വിസി ഡോ. സിസ തോമസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സിപിഎം ഫാസിസം അവസാനിപ്പക്കണമെന്നതാണ് കോടതിയുടെ മറ്റൊരു ശ്രദ്ധേയമായ നിര്‍ദ്ദേശമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളുടെ നികുതി പണം സിപിഎമ്മിന് ബന്ധുനിയമനങ്ങള്‍ നടത്താന്‍ നിയമ പോരാട്ടം നടത്താനുള്ളതല്ലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.