കണ്ണൂരിൽ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ; പകരക്കാരനെ നിർദേശിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ നിന്ന് മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിസമ്മതം നേതൃത്വത്തെ അറിയിച്ചു. പകരക്കാരനായി കെപിസിസി ജനറൽ സെക്രട്ടറിയും സുധാകരന്‍റെ വിശ്വസ്തനുമായ കെ ജയന്തിന്റെ പേര് സുധാകരൻ നിർദേശിച്ചു. അന്തിമ തീരുമാനം ഹൈക്കമാന്ഡിന് വിടാനാണ് സാധ്യത.

കെ ജയന്തി​ന് പുറമെ യൂത്ത് കോൺഗ്രസ് നേതാവ് വിപി അബ്ദുൽ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്. മത്സരിക്കാനില്ലെന്ന കാര്യം വിഡി സതീശനെയാണ് കെ സുധാകരൻ ആദ്യം അറിയിച്ചത്. തുടർന്ന് എംഎം ഹസൻ, രമേശ് ചെന്നിത്തല എന്നിവരോടും ഈ വിവരം പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം.

ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ ​സു​ധാ​ക​ര​ൻ ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചിരുന്നു. എന്നാൽ, കണ്ണൂ​​രി​ലെ വി​ജ​യ​സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​ കെ ​സു​ധാ​ക​ര​നോ​ട് വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ എഐസിസി നി​ർ​ദേ​ശിക്കുകയായിരുന്നു. ക​ണ്ണൂ​രി​ൽ സിപി​എം ജി​ല്ല സെ​ക്ര​ട്ട​റി എംവി ജ​യ​രാ​ജ​നെ നി​ശ്ച​യി​ച്ച​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ​ത്. എം​വി ജ​യ​രാ​ജ​നോ​ട് ഏ​റ്റു​മു​ട്ടാ​നും മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​നും ഏ​റ്റ​വും യോ​ഗ്യ​ൻ കെ ​സു​ധാ​ക​ര​ൻ​ തന്നെ​യെ​ന്നാ​ണ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്റെ വി​ല​യി​രു​ത്ത​ൽ.

അതേസമയം കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകളുടെ ഭാഗമായി ഇന്ന് സ്ക്രീനിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് ചൗധരി, വിശ്വജിത് കദം എന്നിവർ പങ്കെടുക്കുന്ന യോഗം ഇന്ന് കെപിസിസി ആസ്ഥാനത്താണ് ചേരുക.