പാലാ ബിഷപ്പിന് എതിരെയുള്ള ചിദംബരത്തിന്റെ വാക്കുകൾ തള്ളി കെ. സുധാകരൻ

‘നാർക്കോട്ടിക് ജിഹാദ്’ പരാമർശം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വികലമായ ചിന്തയെയാണ് വെളിപ്പെടുത്തുന്നത് എന്ന കോൺഗ്രസ് ദേശീയ പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ പി. ചിദംബരത്തിന്റെ പ്രസ്താവന തള്ളി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. കെ.പി.സി.സി ഓഫിസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് സുധാകരന്റെ പ്രതികരണം.

പി.ചിദംബരം ഏത് പശ്ചാത്തലത്തിലാണ് ഇത് പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും കേരളത്തിലെ കാര്യം പറയേണ്ടത് കേരളത്തിലെ കോൺഗ്രസാണെന്നും സുധാകരൻ പറഞ്ഞു. വിഷയത്തിൽ തങ്ങൾ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും ബിഷപ്പിന്റെ അഭിപ്രായം തള്ളിപ്പറയുന്നില്ലെന്നും സുധാകരൻ വ്യക്തമാക്കി.

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാർക്കോട്ടിക് ജിഹാദ്’ പരാമർശം തന്നെപ്പോലെ തന്നെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെയും വേദനിപ്പിക്കുന്ന ഒന്നാണെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞത്. ‘പ്രണയവും’ ‘മയക്കുമരുന്നും’ യഥാർത്ഥമാണെങ്കിലും, ജിഹാദ് എന്ന വാക്കിനെ സ്നേഹത്തോടും മയക്കുമരുന്നിനോടും ചേർക്കുന്നത് വികലമായ ചിന്തയെ ആണ് വെളിപ്പെടുത്തുന്നത് എന്നും ചിദംബരം ഇന്ത്യൻ എക്സ്പ്രെസ്സിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.

നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മറുവശത്ത് ഇസ്ലാം മതവിശ്വാസികൾക്കുമിടയിൽ സാമുദായിക സംഘർഷം ഉണ്ടാക്കാനാണ് അത്. മതഭ്രാന്തന്മാരെ സംബന്ധിച്ച് ഇസ്ലാംമതവിശ്വാസികൾ അന്യരാണ് എന്നും ചിദംബരം പറഞ്ഞു.

മതഭ്രാന്ത് വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ അല്ലെങ്കിൽ വിവേചനത്തിന്റെ സൂക്ഷ്മ മാർഗങ്ങളിലൂടെയോ പ്രകടിപ്പിക്കപ്പെടുന്നു എങ്കിൽ ഒരു മതേതര രാഷ്ട്രം അതിന് അറുതി വരുത്തണം. ഇന്ത്യയിലെ ഇസ്ലാം ‘വിപുലീകരണവാദിയാണ്’ എന്നതിന് തെളിവുകളൊന്നുമില്ല എന്നും 2021 ജൂണിൽ പ്രസിദ്ധീകരിച്ച PEW സർവ്വേ, അത്തരം പല കെട്ടുകഥകളും അസത്യങ്ങളും കാറ്റിൽ പറത്തി എന്നും ചിദംബരം ലേഖനത്തിൽ പറഞ്ഞു.

ഹിന്ദു തീവ്ര വലതുപക്ഷം പാലാ ബിഷപ്പിനെ പിന്തുണയ്ക്കുന്നതിൽ അദ്ഭുതപ്പെടാനില്ല. രണ്ടുപേരും ലക്ഷ്യമിടുന്നത് മുസ്ലീങ്ങളെയാണ്. ഹിന്ദു തീവ്ര വലതുപക്ഷം ക്രിസ്ത്യാനികളെ അന്യരായി പരിഗണിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാം ഓർക്കണം. ഒരു വിഭാഗത്തെയും അന്യവത്കരിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു മതത്തിനോ മതവിഭാഗത്തിനോ മറ്റൊന്നിനെ കീഴടക്കാൻ കഴിയില്ല എന്നും ചിദംബരം പറഞ്ഞു.

Read more

മുഖ്യമന്ത്രി പിണറായി വിജയൻ പാലാ ബിഷപ്പിന്റെ പരാമർശങ്ങളെ തള്ളിപ്പറഞ്ഞതിൽ തനിക്ക് സന്തോഷമുണ്ട് എന്ന് ചിദംബരം പറഞ്ഞു.”ഇത്തരം തെറ്റായ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സർക്കാർ കടുത്ത നിലപടെടുക്കും” എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് ഡി ഡി സതീശൻ പിന്തുണച്ചതിലും തനിക്ക് സന്തോഷമുണ്ട് എന്നും ചിദംബരം പറഞ്ഞു.