'ഒറിജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോ? മുഖം അങ്ങനെയായതിന് ഞങ്ങളെന്ത് പിഴച്ചു'; മഹിളാ കോണ്‍ഗ്രസിനെ ന്യായീകരിച്ച് കെ.സുധാകരന്‍

മഹിളാ കോണ്‍ഗ്രസ് ഉപയോഗിച്ച ചിത്രത്തെ ന്യായീകരിച്ച് കെ.സുധാകരന്‍. അതുതന്നെയല്ലേ അദ്ദേഹത്തിന്റെ മുഖമെന്ന് കെ.സുധാകരന്‍ ചോദിച്ചു. ഒറിജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോ? മുഖം അങ്ങനെയായതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരന്‍ ചോദിച്ചു.

മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചിലാണ് എം.എം.മണിയെ അധിക്ഷേപകരമായി ചിത്രീകരിച്ചത്. മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോണ്‍ഗ്രസുകാര്‍ എത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ ഖേദപ്രകടനം നടത്തി മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലയൂരി. വ്യത്യസ്തമായൊരു സമരമുറയാണ് ഉദ്ദേശിച്ചതെന്ന് സമരക്കാര്‍ പറഞ്ഞു.

തൊലിക്കട്ടി അപാരം എന്ന സൂചനയാണ് ചിത്രത്തിലൂടെ ഉദ്ദേശിച്ചതെന്ന് വിശദീകരിച്ച മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല കമ്മറ്റി ഖേദപ്രകടനം നടത്തുന്നതായും അറിയിച്ചു. തിരുവനന്തപുരത്ത് നിയമസഭയിലേക്കാണ് മാര്‍ച്ച് നടത്തിയത്. ആള്‍ക്കുരങ്ങിനെ ചങ്ങലിക്കിടുന്ന തരത്തിലുള്ള ഫ്‌ളക്‌സ് ബോര്‍ഡുമായിട്ടായിരുന്നു പ്രതിഷേധം. ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

സംഭവം വിവാദമായി മാറിയതിനെ തുടര്‍ന്ന് ഈ ഫ്‌ളക്‌സ് ഒഴിവാക്കി. ഫ്‌ളക്‌സിലെ പടം മറച്ച് ഷര്‍ട്ട് ധരിപ്പിക്കുകയായിരുന്നു. ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. തങ്ങള്‍ ആരും അതില്‍ ഉത്തരവാദികള്‍ അല്ലെന്നുമായിരുന്നു എംഎം മണിയുടെ വിവാദ പരാമര്‍ശം.

ഇതേ തുടര്‍ന്ന് നിരവധി പേര്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പരാമര്‍ശം പിന്‍വലിക്കില്ലെന്നുമാണ് എം എം മണിയുടെ പ്രതികരണം.