കെ- റെയില്‍: സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും മുന്നില്‍ വന്‍ പ്രതിഷേധം; മേധാ പട്കര്‍ പങ്കെടുത്തു

സംസ്ഥാനത്ത് സില്‍വര്‍ ലൈനെതിരായ സമരങ്ങള്‍ ശക്തമാകുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ജനകീയ സമര സമിതിയുടെ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. മേധാ പട്കറാണ് പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. അയ്യായിരത്തോളം പേരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. സമര പരിപാടികള്‍ മേധാ പട്കര്‍ ഉദ്ഘടനം ചെയ്തു.

പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന അതേ സമയത്താണ് സമിതി സമരം കടുപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. സെക്രട്ടേറിയറ്റ് റോഡ് പൂര്‍ണ്ണമായും സമരക്കാര്‍ കയ്യടക്കിയിരിക്കുകയാണ്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയാണ് സമരരംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. സില്‍വര്‍ ലൈനില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാനുള്ള സമ്മര്‍ദ്ദം ശക്തമാക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിന് മുന്നിലും സനമരക്കാര്‍ തമ്പടിച്ചിട്ടുണ്ട്. പിഴുതെടുത്ത സര്‍വേ കല്ലുകളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ജാഥയായെത്തി.