'സര്‍വേയ്ക്ക് വേണ്ടി പണം ചെലവാക്കിയാല്‍ ഉത്തരവാദിത്വം കെ- റെയിലിന് മാത്രം'; സില്‍വര്‍ ലൈനിന് അനുമതി ഇല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം. പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സര്‍വ്വേക്ക് കെ റെയില്‍ കോര്‍പ്പറേഷന്‍ പണം ചിലവാക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം കെ റെയിലിന് മാത്രമായിരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സാമൂഹികാഘാതപഠനവും സര്‍വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലാണ് കേരള ഹൈക്കോടതിയില്‍ റെയില്‍വേ മന്ത്രാലയത്തിന് വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കെ – റെയില്‍ കോര്‍പ്പറേഷന്‍ സ്വതന്ത്ര കമ്പനിയാണ്. റെയില്‍വേക്ക് ഈ സ്ഥാപനത്തില്‍ ഓഹരി പങ്കാളിത്തമുണ്ട്. പക്ഷെ ഇത്തരം കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം ഇടപെടാറില്ല. സില്‍വര്‍ ലൈനിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചാല്‍ അതില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാന്‍ സാധ്യമല്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read more

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളാണ് കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.