സില്‍വര്‍ ലൈന്‍: അങ്കമാലിയില്‍ കല്ലുകള്‍ പിഴുതു കൂട്ടിയിട്ട് റീത്തു വെച്ചു

അങ്കമാലി പുളിയനത്ത് സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതു മാറ്റി കൂട്ടിയിട്ട് റീത്തു വെച്ചു. രാത്രിയിലാണ് സംഭവം. ത്രിവേണി പാടശേഖരത്തില്‍ സ്ഥാപിച്ച കല്ലുകളാണ് പിഴുത് മാറ്റിയത്. ഇന്ന് തന്നെ കല്ലുകള്‍ വീണ്ടും സ്ഥാപിക്കുമെന്നാണ് സൂചന. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധിക്കും.

നേരത്തെ കണ്ണൂര്‍ മാടായിപ്പാറയിസും സമാന സംഭവം നടന്നിരുന്നു. മാടായിപ്പാറ റോഡരികില്‍ എട്ട് സര്‍വേക്കല്ലുകളാണ് കൂട്ടിയിട്ട് റീത്ത് വച്ച നിലയില്‍ കണ്ടെത്തിയത്. സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സ്ഥലമാണിത്. സര്‍വേക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവിടെ തടഞ്ഞ സംഭവവും ഉണ്ടായിരുന്നു. പൊലീസ് സഹായത്തോടെയാണു സര്‍വേ പൂര്‍ത്തീകരിച്ചത്.

സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ നടത്തിയത്. തുടക്കം മുതല്‍ ഒടുക്കം വരെ കല്ലുകള്‍ പിഴുതെറിയുമെന്ന് സുധാകരന്‍ പറഞ്ഞത്.

പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ക്രമസമാധാന തകര്‍ച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പദ്ധതിയില്‍ നിന്ന് ഒരുകാരണവശാലും പിന്നോട്ട് പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.