കെ. റെയില്‍ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു; എതിര്‍ക്കുന്നവര്‍ക്ക് നിക്ഷിപ്ത താത്പര്യമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കെ റെയില്‍ (K-RAIL) നടപ്പിലാക്കുമ്പോള്‍ പദ്ധതിയുടെ ഭാഗമായി വാസസ്ഥലം നഷ്ടപ്പെടുകയും ഭൂരഹിതരാകുകയും ചെയ്യുന്നവര്‍ക്കായി പ്രത്യേക പാക്കേജിനാണ് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. തലസ്ഥാനത്ത് നടക്കുന്ന പൗരപ്രമുഖരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പദ്ധതി എതിര്‍ക്കുന്നവര്‍ക്ക് നിക്ഷിപ്ത താത്പര്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വാസസ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും നാല് ലക്ഷത്തി അറുപതിനായിരം രൂപയും നല്‍കും, അതല്ലെങ്കില്‍ 1.60 ലക്ഷം രൂപയും ലൈഫ് മാതൃകയില്‍ വീടും നല്‍കും. അതിദരിദ്ര കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുകയ്‌ക്കൊപ്പം അഞ്ച് സെന്റ് ഭൂമിയും നാല് ലക്ഷം രൂപയും നല്‍കും.

വാടകക്കാര്‍ക്ക് 30,000 രൂപ പ്രത്യേക സഹായം നല്‍കും. ചെറുകിട കച്ചവടക്കാര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, കരകൗശല പണിക്കാര്‍ എന്നിവര്‍ക്ക് ഒറ്റത്തവണയായി 50,000 രൂപയും നല്‍കും. ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ആറായിരം രൂപ ആറുമാസം നല്‍കുന്നുവെന്നും പാക്കേജ് പറയുന്നു.

പുറമ്പോക്ക് ഭൂമിയിലെ താമസക്കാര്‍, കച്ചവടക്കാര്‍ എന്നിവര്‍ക്ക് ആ ഭൂമിയിലെ കെട്ടിടങ്ങളോ, മരങ്ങളോ ഉണ്ടെങ്കില്‍ അവയ്ക്കുള്ള നഷ്ടപരിഹാരവും അയ്യായിരം രൂപ ആറുമാസത്തേക്കും നല്‍കും

ഇതിന് പുറമേ സ്ഥാപനങ്ങള്‍ നഷ്ടമാകുന്നവര്‍ക്ക് കെ റയില്‍ വാണിജ്യ സമുച്ചയങ്ങളില്‍ ജോലിക്ക് മുന്‍ഗണനയും ഉറപ്പു നല്‍കുന്നു.