രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ കഴമ്പില്ലെങ്കിൽ സസ്പെൻഷൻ പിൻവലിക്കുമെന്ന് മുതിർന്ന നേതാവ് കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് പ്രതിരോധത്തിലല്ലെന്ന് വ്യക്തമാക്കിയ മുരളീധരൻ രാഹുലിനെതിരായി പുറത്ത് വന്ന ശബ്ദം മിമിക്രിക്കാരെ വച് ചെയ്യിച്ചതാണോ എന്ന് അറിയില്ലെന്നും പരിശോധിക്കണമെന്നും വ്യക്തമാക്കി.
രാഹുൽ ആണ് കാര്യങ്ങൾ വിശദീകരിക്കണോ എന്ന് തീരുമാനിക്കേണ്ടത്. വിവാദത്തിന് പിന്നിൽ പാർട്ടിക്ക് അകത്തുള്ളവർ ആണോ എന്ന് ഇപ്പോൾ പറയുന്നില്ല. പുറത്ത് വന്ന ശബ്ദം മിമിക്രിക്കാരെ വച് ചെയ്യിച്ചതാണോ എന്ന് അറിയില്ല. അത് പരിശോധിക്കണം. നിഷേധിക്കാത്തത് കൊണ്ടാണ് സസ്പെൻഡ് ചെയ്തത്. ആരോപണങ്ങൾ പൊലീസും കോടതിയും അന്വേഷിക്കട്ടെയെന്നും കെ മുരളീധരൻ പറഞ്ഞു.
പാലക്കാട് എം എൽ എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങൾക്ക് ഉണ്ടാകില്ലെന്നും കെ മുരളിധരൻ കൂട്ടിച്ചേർത്തു. അവിടുത്തെ എം പി യും ഷാഫി പറമ്പിലും ഉണ്ട്. സൈബർ ആക്രമണം നടത്തുന്നവർ മൂടുതാങ്ങികളാണെന്നും അവരോട് പരമമായ പുച്ഛമാണ് ഉള്ളതെന്നും കെ മുരളീധരൻ പ്രതികരിച്ചു. ഇവർ പാർട്ടിക്കായി ഒരു ജോലിയും ചെയ്യുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
അതേസമയം ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തിലും കെ മുരളീധരൻ പ്രതികരിച്ചു. ഉമാ തോമസിന്റെ പാരമ്പര്യം അറിയാത്തവരാണ് അവർക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്ന് പറഞ്ഞ എം മുരളീധരൻ സൈബർ ആക്രമണം നടത്തുന്നവരുടെ മാതാപിതാക്കളുടെ വിവാഹത്തിന് മുമ്പ് ഉമാ തോമസ് കെ എസ് യുവിൽ ഉണ്ടെന്നും കൂട്ടിച്ചേർത്തു.







