മാധ്യമപ്രവര്‍ത്തകൻ കെ.എം ബഷീറിന്റെ മരണം; മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിന്റെ കാറിടിച്ച് മരിച്ച സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.എം ബഷീറിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ബഷീറെന്ന് മുഖ്യമന്ത്രി പറഞ്ഞു. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.

അര്‍ദ്ധരാത്രിയോടെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം വെങ്കിട്ടരമാന്റെ കാറിടിക്കുകയായിരുന്നു.

തിരൂര്‍ പ്രാദേശിക റിപ്പോര്‍ട്ടറായി 2004ല്‍ സിറാജില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച കെ എം ബഷീര്‍ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്നു. തുടർന്ന് 2006 ല്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു. വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീര്‍ തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയാണ്. മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കള്‍: ജന്ന, അസ്മി.