പാലക്കാട് നടന്ന കൊലപാതകങ്ങള്‍ തീവ്രവാദ സ്വഭാവമുള്ളത്: കെ.കൃഷ്ണന്‍കുട്ടി

പാലക്കാട് ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന് സര്‍വകക്ഷിയോഗം അവസാനിച്ചു. ബിജെപി ചര്‍ച്ചയ്‌ക്കെത്തിയത് ഇറങ്ങിപ്പോകാന്‍ ഉറപ്പിച്ച് തന്നെയെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. യോഗത്തില്‍ തര്‍ക്കം ഒന്നും ഉണ്ടായിട്ടില്ല. ഇറങ്ങിപ്പോകാന്‍ തീരുമാനിച്ച് ചര്‍ച്ചയ്ക്കെത്തിയാല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു.

ബിജെപിക്ക് പരാതി ഉണ്ടെങ്കില്‍ കേള്‍ക്കും. അപാകതകള്‍ പരിഹരിക്കും .സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ചത് ഒരു കക്ഷി മാത്രമാണ്. സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ മാധ്യമങ്ങളും സഹകരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം ആസൂത്രിത കൊലപാതകങ്ങള്‍ തടയുക എളുപ്പമല്ല. എല്ലാവരും യോജിച്ച് നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് നടന്ന കൊലപാതകത്തില്‍ തീവ്രവാദസ്വഭാവമാണ്. കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടലുണ്ടാകും. ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ജില്ലാഭരണകൂടവും മതസംഘടനകളും ഉള്‍പ്പടെയുള്ള തുടര്‍ചര്‍ച്ചകള്‍ നടത്തും. ജനങ്ങളുടെ ഭീതി അകറ്റുകയാണ് പ്രധാന ലക്ഷ്യം.

സര്‍വ്വകക്ഷിയോഗത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ യോഗം പ്രഹസനമെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആരോപിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ആരും സമാധാനയോഗം വിളിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.