സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി നിരക്ക് വര്‍ദ്ധനയില്ല: മന്ത്രി കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഉപയോക്താക്കള്‍ സ്വയം നിയന്ത്രിക്കുകയാണ് വേണ്ടത്. പകല്‍ വൈദ്യുതി ഉപഭോഗ നിരക്ക് കുറഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ഉപയോഗം കൂടിയ സമയം ഉപയോക്താക്കളില്‍നിന്നു കൂടുതല്‍ തുക ഈടാക്കുകയും ഉപയോഗം കുറവുള്ള സമയത്തു നിരക്കില്‍ ഇളവ് നല്‍കുകയും ചെയ്യുന്നത് കെഎസ്ഇബി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇത് ഗാര്‍ഹിക, വാണിജ്യ ഉപയോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാകും നല്‍കുക. വൈദ്യുതി ബില്‍ ഉയരാന്‍ ഇത് കാരണമായേക്കും. ബില്ലിങ് രീതി മാറ്റുന്നതു സംബന്ധിച്ചു വൈദ്യുതി റെഗുലേറ്ററി കമ്മീഷനില്‍ കെഎസ്ഇബി അപേക്ഷ നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം നിരക്ക് വര്‍ധിപ്പിക്കാന്‍ കെഎസ്ഇബി റെഗുലേറ്ററി കമ്മിഷനെ സമീപിച്ച ഘട്ടത്തില്‍ ഈ നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും എതിര്‍പ്പു മൂലം നടപ്പായില്ല. വൈദ്യുതിനിരക്ക് കൂടുന്ന സമയത്ത് ഉപയോഗം കുറക്കാനായാല്‍ കെഎസ്ഇബി പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതി കുറയ്ക്കാന്‍ കഴിയും.

പകല്‍ സമയം സ്വന്തം ഉല്‍പാദനം ഉപയോഗിക്കാനും പീക് അവറില്‍ വൈദ്യുതി വാങ്ങല്‍ കുറയ്ക്കാനും കഴിയുകയും ചെയ്താല്‍ ഉപയോക്താക്കളില്‍ നിന്ന് അധിക തുക ലഭിക്കും. ഇതുമൂലം വരുമാനം കുറയാതെ മുന്നോട്ടുപോകാമെന്നായിരുന്നു കെഎസ്ഇബി കണക്കുകൂട്ടിയത്.