യുവതി പ്രവേശനത്തെ എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇരുമുടിയുമായി ശബരിമലയില്‍; മകരവിളക്ക് കണ്ട് മലയിറങ്ങും

ബരിമല യുവതിപ്രവേശനത്തില്‍ ഭിന്നവിധി രേഖപ്പെടുത്തിയ സുപ്രീംകോടതി റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ശബരിമലയില്‍ ദര്‍ശനത്തിനെത്തി. ഇന്നലെ രാത്രിയാണ് കറുപ്പും ഉടുത്ത് ഇരുമുടിയും നിറച്ച് അവര്‍ ശബരിമലയില്‍ എത്തിയത്. ദേവസ്വം ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന ഇവര്‍ മകരവിളിക്കും ദര്‍ശിച്ച ശേഷമായിരിക്കും ഇന്ദു മല്‍ഹോത്ര മലയിറങ്ങുക. ബെംഗളൂരുവിലെ വീട്ടില്‍ നിന്നാണ് ഇവര്‍ ശബരിമലയിലേക്ക് എത്തിയത്.

കേരളത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായിരുന്നു ഇന്ദു മല്‍ഹോത്ര. ഇവര്‍ മാത്രമാണ് യുവതി പ്രവേശനത്തെ എതിര്‍ത്തിരുന്നത്.
മതവികാരങ്ങളും മതാചാരങ്ങളും തികച്ചും സാധാരണ വിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണം.

മതപരമായ കാര്യങ്ങള്‍ക്ക് നീതിക്ക് യുക്തമായി തീരുമാനമെടുക്കാനാവില്ലെന്നും ഇന്ദു മല്‍ഹോത്ര അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരം ശബരിമല ക്ഷേത്രത്തിനും ആരാധനയ്ക്കും സംരക്ഷണം ഉറപ്പ് നല്‍കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായിരുന്ന ഇന്ദു മല്‍ഹോത്ര നിരവധി റിക്കോര്‍ഡുകള്‍ക്ക് ഉടമയാണ്. സുപ്രീം കോടതിയില്‍ നേരിട്ടു നിയമിക്കപ്പെടുന്ന ആദ്യ വനിതാ അഭിഭാഷകയാണ് ഇവര്‍. സുപ്രീം കോടതി ജഡ്ജിയാവുന്ന ഏഴാമത്തെ വനിതയും. ജസ്റ്റിസ് ഫാത്തിമ ബീവിയാണു സുപ്രീം കോടതി ജഡ്ജിയായ ആദ്യ വനിത. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ഒ.പി.മല്‍ഹോത്രയുടെ മകളാണ് ഇന്ദു.