കൊച്ചിയിലെ വിഷപ്പുകയില്‍ ഇടപെടണം; ബ്രഹ്‌മപുരം തീപിടുത്തത്തില്‍ നടപടി ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍; ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തുനല്‍കി

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. തീപിടിത്തതിന് ശേഷം കൊച്ചിയില്‍ വിഷപ്പുക നിറഞ്ഞ സാഹചര്യത്തിലാണ് ഇടപെടല ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കാനായിട്ടില്ലെന്നും വിഷപ്പുക വ്യാപിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും പരിഹരിക്കുന്നതിനായി കോടതിയുടെ ഇടപെടല്‍ വേണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെങ്കിലും പുക ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുക ശമിപ്പിക്കുന്നതിന് അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അഗ്‌നിശമനസേനയുടെ 30 യൂനിറ്റുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു യൂനിറ്റില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്.

120 അഗ്‌നിസുരക്ഷ സേനാംഗങ്ങളാണ് പുക ശമിപ്പിക്കാനായി രംഗത്തുളളത്. കൂടാതെ കൊച്ചി കോര്‍പറേഷന്‍ ജീവനക്കാരുമുണ്ട്. നേവിയുടെ രണ്ട് ഹെലികോപ്ടറില്‍ ആകാശത്ത് നിന്ന് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. സിയാലില്‍ നിന്നും ഉള്‍പ്പടെ യന്ത്രസാമഗ്രികള്‍ ബ്രഹ്‌മപുരത്തെത്തിച്ചു.