നിലമ്പൂരില്‍ എല്‍ഡിഎഫ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എ കെ ബാലന്‍. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എ കെ ബാലന്റെ പരാമർശം. നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്ന് പറഞ്ഞ എ കെ ബാലൻ ബൈബിളിനെ ഉദ്ധരിച്ച് പി വി അന്‍വറിനെ വിമര്‍ശിക്കുകയും ചെയ്തു.
‘നിലമ്പൂർ യുഡിഎഫിന് അഹങ്കരിക്കാൻ എന്തുണ്ട്’ എന്ന തലക്കെട്ടിലാണ് എ കെ ബാലന്റെ ലേഖനം. ജമാ അത്തെയുടെ വോട്ട് നേടിയുള്ള വിജയത്തില്‍ അഹങ്കരിക്കാന്‍ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്തിന് അഹങ്കരിക്കാന്‍ ഒന്നുമില്ലെന്നും എ കെ ബാലന്‍ലേഖനത്തിൽ പറയുന്നു. മതരാഷ്ട്രവാദവും മതനിരപേക്ഷതയും തമ്മിലുള്ള മത്സരത്തില്‍ നിരപരാധികളായ കുറച്ചുവോട്ടര്‍മാരെ കുറച്ചുകാലം പറ്റിക്കാന്‍ കഴിയുമെന്നും എപ്പോഴും കഴിയില്ലെന്നും എ കെ ബാലന്‍ കുറ്റപ്പെടുത്തി.
അതേസമയം ‘തിരഞ്ഞെടുപ്പിലെ അടിയൊഴുക്ക് നിയന്ത്രിക്കുന്നതില്‍ ചിലപ്പോള്‍ നിര്‍ണായക ഘടകമാകുന്നത് നല്ല മനസ്സിന്റെ ഉടമകള്‍ ആകണമെന്നില്ലെന്നും എ കെ ബാലൻ ലേഖനത്തിൽ പറയുന്നു. എം സ്വരാജിന്റെ പരാജയത്തെ ഈ ഗണത്തില്‍പ്പെടുത്തിയാല്‍ മതി. പക്ഷെ ഉയര്‍ത്തെഴുന്നേല്‍ക്കും. യേശു ക്രിസ്തുവിനെ ഒറ്റുകൊടുത്തതിന് യൂദാസിന് കിട്ടിയ പ്രതിഫലം കൊണ്ടാണ് അക്കല്‍ദാമ എന്ന ഭൂമി യൂദാസ് വാങ്ങിയത്. ആ ഭൂമി പിന്നീട് പാപത്തിന്റെ ഭൂമിയെന്നാണ് അറിയപ്പെട്ടത്. അവിടെ വിരിഞ്ഞ പൂക്കള്‍ക്ക് സുഗന്ധമല്ല, ദുര്‍ഗന്ധം ആയിരുന്നു. ആ പാപഭൂമിയില്‍ തലതല്ലിയാണ് യൂദാസ് മരിച്ചത്. കുറ്റബോധം കൊണ്ടുണ്ടായ യൂദാസിന്റെ അനുഭവം അന്‍വർ ഓര്‍മ്മപ്പെടുത്തുന്നുവെന്നും എ കെ ബാലന്‍ പറയുന്നു.