രാഹുലിനെ അധിക്ഷേപിച്ച് ജോയ്സിന്റെ പരാമർശം; നിര്‍ഭാഗ്യകരവും വേദനാജനകവുമെന്ന് ഉമ്മൻചാണ്ടി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മുൻ എം.പി ജോയ്‌സ് ജോർജിനെതിരെ ഉമ്മൻചാണ്ടി. പരാമ‍‍ര്‍ശം നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ നിന്നും അത്തരത്തിലൊരു പരാമ‍ശമുണ്ടാകാൻ പാടില്ലായിരുന്നുവെന്നും പ്രതികരിച്ചു. ജോയ്സ് കേരളത്തിലെ സ്ത്രീത്വത്തെ അപമാനിച്ചു. നിയമനടപടി സ്വീകരിക്കുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേര്‍ത്തു.

ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ജോയ്സ് ജോർജ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. രാഹുൽ ഗാന്ധി വിവാഹിതൻ അല്ലാത്തതിനാൽ അദ്ദേഹത്തോട് ഇടപെടുമ്പോൾ വിദ്യാർത്ഥിനികൾ സൂക്ഷിക്കണം എന്ന പരാമർശമാണ് ജോയ്‌സ് ജോർജ് നടത്തിയത്.

“രാഹുൽ ഗാന്ധിയുടെ പരിപാടി, കോളജിൽ പോകും, പെൺപിള്ളേർ മാത്രമുള്ള കോളജിലേ പോകൂ, അവിടെ ചെന്ന് പെണ്ണുങ്ങളെ വളഞ്ഞു നീക്കാനും നൂരാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ, രാഹുൽ ഗാന്ധിയുടെ മുമ്പിൽ വളയാനും കുനിയാനും ഒന്നും നിൽക്കല്ലേ, അയാൾ പെണ്ണൊന്നും കെട്ടിയിട്ടില്ല,” എന്നാണ് ജോയ്‌സ് ജോർജ് പറഞ്ഞത്.

Read more

എറണാകുളം സെന്റ് തെരേസാസ് കോളജിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ വിദ്യാർത്ഥിനികളെ ഐക്കിഡോ പരിശീലിപ്പിച്ചതിനെയാണ് ജോയ്സ് ജോർജ് പരിഹസിച്ചത്. മന്ത്രി എം.എം മണിയുടെ ഇരട്ടയാറിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു ഇടുക്കി മുൻ എം.പിയുടെ പരാമർശം.‌ പ്രസ്താവനയെ കൂട്ടച്ചിരിയിൽ സദസ്സ് പിന്താങ്ങി.