മതസ്പര്‍ദ്ധ വളര്‍ത്താന്‍ നീക്കം; കേരള സ്റ്റോറിയ്‌ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം.പി

‘ദ കേരള സ്റ്റോറി’ സിനിമക്കെതിരെ അടിയന്തരനടപടി ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം.പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാര്‍ത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ എന്നിവര്‍ക്ക് കത്തെഴുതി. സിനിമയുടെ മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള ടീസര്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് കത്തെഴുതിയത്.

കുപ്രസിദ്ധി നേടിയ ഹിന്ദുത്വ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ വിദ്വേഷം വമിപ്പിക്കുന്ന ഈ ടീസര്‍ ആഘോഷപൂര്‍വ്വമാണ് പങ്കുവെച്ചുകൊണ്ടിരിക്കുന്നതെന്ന് എം.പി ചൂണ്ടിക്കാട്ടി. സത്യവുമായി പുലബന്ധംപോലുമില്ലാത്ത ഈ വ്യാജവാര്‍ത്ത കാട്ടുതീപോലെ പ്രചരിപ്പിക്കുന്നത് കേരളത്തെ അവഹേളിക്കാന്‍ വേണ്ടിമാത്രമല്ല, മറിച്ച് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും സംഘര്‍ഷവും സൃഷ്ടിക്കാന്‍ ലക്ഷ്യംവെച്ചുകൂടിയാണ്. ഇത്തരത്തിലുള്ള വ്യാജകഥകള്‍ നമ്മുടെ മതനിരപേക്ഷതയ്ക്കും ദേശീയ ഐക്യത്തിനും സൃഷ്ടിക്കുന്ന ആഘാതം കടുത്തതായിരിക്കും -കത്തില്‍ വ്യക്തമാക്കി.

ഭരണഘടന വിഭാവനംചെയ്യുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സംരക്ഷിക്കേണ്ടതാണ്. എന്നാല്‍, ആവിഷ്‌കാരത്തിന്റെ പേരില്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിനെ തടയുന്ന ഒട്ടേറെ വകുപ്പുകള്‍ നമ്മുടെ ശിക്ഷാനിയമത്തിലുണ്ട്. ഈ സിനിമ, ടീസറിലുള്ളതുപോലെയാണെങ്കില്‍, ഈ വകുപ്പുകളുടെ നഗ്‌നമായ ലംഘനമാണെന്ന് കണ്ണുംപൂട്ടിപ്പറയാനാകും. ് എം.പി പറഞ്ഞു.

ജോണ്‍ ബ്രിട്ടാസിന്റെ വാക്കുകള്‍

Destabilize. If this is not possible, Disrupt and Defame !
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം സ്വീകരിക്കുന്ന പൊതുസമീപനമാണിത്. കേരളത്തില്‍ ആരും ബിജെപിയുടെ ചാക്കില്‍ക്കയറാന്‍ തയ്യാറാകാത്തതുകൊണ്ടുതന്നെ അട്ടിമറിക്കാനോ ഭരണംപിടിക്കാനോ കഴിയില്ലെന്ന് അവര്‍ക്കുതന്നെ ബോധ്യമായിട്ടുണ്ട്. ഇതിന്റെ പരിണതഫലമായിട്ടാണ് ഗവര്‍ണറെ അവതാരപുരുഷനായി രംഗത്തിറക്കിയിരിക്കുന്നത്. ഇതുമാത്രം പോരാ എന്നതുകൊണ്ടാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നിരന്തരശ്രമങ്ങള്‍ ബിജെപി കേന്ദ്രങ്ങളില്‍നിന്നുണ്ടാകുന്നത് . സംസ്ഥാനത്തിന്റെ നേട്ടങ്ങളൊക്കെ തമസ്‌കരിച്ച് വളരെ സൂക്ഷ്മമായ കാര്യങ്ങളെപ്പോലും പര്‍വ്വതീകരിച്ചും നുണകള്‍ നിര്‍മ്മിച്ചും ഇത് അഭംഗുരം മുന്നോട്ടുപോവുകയാണ്.
‘The Kerala Story’ എന്ന പേരില്‍ ഒരു സിനിമയുടെ ടീസര്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കുപ്രസിദ്ധി നേടിയ ഹിന്ദുത്വ സമൂഹികമാധ്യമ അക്കൗണ്ടുകള്‍ ഇത് ആഘോഷപൂര്‍വ്വമാണ് പങ്കുവച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ മതംമാറ്റി 32,000 സ്ത്രീകളെ ഇസ്ലാമിക സ്റ്റേറ്റില്‍ അംഗങ്ങളാക്കി വിദേശത്തേക്കു കയറ്റിയയച്ചുവെന്നാണ് സിനിമാ ടീസറിലൂടെ പുറത്തുവരുന്നത്. സത്യവുമായി പുലബന്ധംപോലുമില്ലാത്ത ഈ വ്യാജവാര്‍ത്ത കാട്ടുതീപോലെ പ്രചരിപ്പിക്കുന്നത് കേരളത്തെ അവഹേളിക്കാന്‍ വേണ്ടിമാത്രമല്ല മറിച്ച് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയും സംഘര്‍ഷവും സൃഷ്ടിക്കാന്‍ ലക്ഷ്യംവച്ചുകൂടിയാണ്. ഇത്തരത്തിലുള്ള വിസ്‌ഫോടനകരമായ വ്യാജകഥകള്‍ നമ്മുടെ മതനിരപേക്ഷതയ്ക്കും ദേശീയ ഐക്യത്തിനും സൃഷ്ടിക്കുന്ന ആഘാതം കടുത്തതായിരിക്കും.
ഉത്തര്‍പ്രദേശിലെ സര്‍വ്വകലാശാലകളെക്കുറിച്ചു പറഞ്ഞതിനാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലനിലുള്ള ‘പ്രീതി’ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുതിര്‍ന്നത്. എന്നാല്‍, ഒരു സംസ്ഥാനത്തെ അവഹേളിക്കാനും വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യംവച്ചുകൊണ്ടുള്ള ‘The Kerala Story’യെക്കുറിച്ചൊന്നും ഗവര്‍ണര്‍ക്ക് മിണ്ടാട്ടമില്ല.
ഭരണഘടന വിഭാവനംചെയ്യുന്ന ആവിഷ്‌കാരസ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സംരക്ഷിക്കേണ്ടതാണ്. എന്നാല്‍, ആവിഷ്‌കാരത്തിന്റെ പേരില്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിനെ തടയുന്ന ഒട്ടേറെ വകുപ്പുകള്‍ നമ്മുടെ ശിക്ഷാനിയമത്തിലുണ്ട്. ഈ സിനിമ, ടീസറിലുള്ളതുപോലെയാണെങ്കില്‍ ഈ വകുപ്പുകളുടെ നഗ്‌നമായ ലംഘനമാണെന്ന് കണ്ണുംപൂട്ടിപ്പറയാനാകും. ഐഎസിനെക്കുറിച്ചും പുറത്തേക്കുപോയവരെക്കുറിച്ചുമൊക്കെ ഒട്ടേറെ ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ മുറതെറ്റാതെ വരുന്നതാണ്. അമിത് ഷാ നയിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നേവരെ ഈ സിനിമാ ടീസറില്‍ പറയുന്ന കണക്കുകളോട് വിദൂരബന്ധമുള്ള സാധൂകരണംപോലും വെളിപ്പെടുത്തിയിട്ടില്ല.
സിനിമാ ടീസറിന്റെ പശ്ചാത്തലത്തില്‍ അടിയന്തരനടപടിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാര്‍ത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ എന്നിവര്‍ക്ക് കത്തയച്ചിട്ടുണ്ട്.
ജോണ്‍ ബ്രിട്ടാസ്

‘കേരളാ സ്റ്റോറി’ സിനിമയ്‌ക്കെതിരെ കേസെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിരുന്നു. ടീസറില്‍ നിയമവിരുദ്ധമായ ഉള്ളടക്കമുണ്ടെന്ന് ഹൈടെക് സെല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. ബേസ്ഡ് ഓണ്‍ ട്രൂ ഇന്‍സിഡന്റ്‌സ് എന്ന് അവകാശപ്പെടുന്ന ഹിന്ദി സിനിമ വ്യാജമായ കാര്യങ്ങള്‍ വസ്തുതയെന്ന പേരില്‍ അവതരിപ്പിക്കുന്നു എന്നാണ് പരാതി. തമിഴ്‌നാട് സ്വദേശിയായ ബി.ആര്‍ അരവിന്ദാക്ഷന്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയിരിക്കുന്നത്. വിപുല്‍ അമൃത് ലാല്‍ നിര്‍മിച്ച് സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത സിനിമയാണ് കേരള സ്റ്റോറി. സിനിമ നിരോധിക്കണം എന്നാവശ്യമാണ് പരാതിയില്‍ ഉയര്‍ത്തിയിരിക്കുന്നത്.

കേരളം ഭീകരവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി ചിത്രീകരിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍ അരവിന്ദാക്ഷന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ഒരു യുവതി താന്‍ ശാലിനി ഉണ്ണികൃഷ്ണന്‍ ആണെന്നും ഒരു നഴ്‌സ് ആണെന്നും ഇപ്പോള്‍ മതം മാറ്റി ഫാത്തിമ ഭായ് എന്നാക്കിയെന്നും ടീസറില്‍ പറയുന്നു. അതിന് ശേഷം ഐഎസില്‍ എത്തിച്ചു. ഇപ്പോള്‍ താന്‍ പാക്കിസ്ഥാന്‍ ജയിലിലാണ്. ഇത്തരത്തില്‍ 32000 സ്ത്രീകളെ മതം മാറ്റിയെന്നും കേരളത്തിലെ സ്ഥിതി ഇതാണ് എന്ന് പറയുന്നതാണ് ടീസറിലെ ഉള്ളടക്കം.