ജിഷ്ണുവിന്റെ മരണം: വീഴ്ചയുടെ ആഘാതമാകാം കാരണമെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് ചെറുവണ്ണൂരില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. ജിഷ്ണുവിനെ അവശ നിലയില്‍ കണ്ടെത്തിയ സ്ഥലത്താണ് പരിശോധന നടത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നും, വീഴ്ചയുടെ ആഘാതമാകാം മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ ക്രൈംബ്രാഞ്ച് എസിപി അനില്‍ ശ്രീനിവാസന്‍ അറിയിച്ചു.

ജിഷ്ണുവിനെ കണ്ടെത്തിയ സ്ഥലത്തും, വീട്ടിലേക്കുള്ള വഴിയിലുമാണ് ഫോറന്‍സിക് സംഘം ഇന്ന് പരിശോധന നടത്തിയത്. കേസ് അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ച് എസിപിയ്ക്ക് കൈമാറിക്കൊണ്ട് ഇന്നലെ സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് ജിഷ്ണുവിനെ റോഡരികില്‍ അവശ നിലയില്‍ കണ്ടെത്തിയത്. ഒമ്പതരയോടെ റോഡരികില്‍ അത്യാസന്ന നിലയില്‍ കണ്ടെത്തിയ ജിഷ്ണുവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഒമ്പത് മണിയോടെ ജിഷ്ണുവിനെ തേടി നല്ലളം പൊലീസ് വീട്ടിലെത്തിയിരുന്നു. മഫ്തിയിലാണ് പൊലീസ് എത്തിയത്.

കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ നിന്നും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിന്റെ വീട്ടില്‍ പൊലീസ് ചെന്നത്. ഇതിന് പിന്നാലെയാണ് യുവാവിനെ അത്യാസന്ന നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ മരണത്തിന് കാരണം പൊലീസ് മര്‍ദ്ദനമാണെന്ന് സംശയിക്കുന്നതായി കുടുംബം ആരോപിച്ചു. മകന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജിഷ്ണുവിന്റെ പിതാവ് പറഞ്ഞു.

ജിഷ്ണുവിന്റെ തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വീഴ്ചയില്‍ സംഭവിച്ചതാവാം എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. അന്തിമ റിപ്പോര്‍ട്ടും, ഫോറന്‍സിക് പരിശോധനാഫലവും ലഭിക്കുന്നതോടെ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളു.