ഭീഷണിപ്പെടുത്തി പണം തട്ടി: പ്രളയകാല രക്ഷാപ്രവര്‍ത്തനത്തിലൂടെ താരമായ ജൈസല്‍ അറസ്റ്റില്‍

പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെ ജനശ്രദ്ധ നേടിയ പരപ്പനങ്ങാടി ബീച്ച് സ്വദേശി ജൈസലിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റ് ചെയ്തു. താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ കാറില്‍ ഇരിക്കുകയായിരുന്ന യുവാവിനേയും കൂടെ ഉണ്ടായിരുന്ന വനിതയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കേസ്. ഐപിസി 385 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

2021 ഏപ്രില്‍ 15നായിരുന്നു സംഭവം. പുരുഷനേയും സ്ത്രീയേയും ഫോണില്‍ ഫോട്ടോ എടുത്ത് മോര്‍ഫ് ചെയത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കും എന്നാണ് പറഞ്ഞത്. കൈയില്‍ പൈസ ഇല്ലാതിരുന്നതിനാല്‍ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്ന ഗൂഗിള്‍ പേ വഴി 5000 രൂപ അയച്ചുകൊടുത്തപ്പോളാണ് പോകാന്‍ അനുവദിച്ചത്.

പിന്നാലെ ഇവര്‍ താനൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിലായി ളിവില്‍ കഴിഞ്ഞിരുന്ന ജൈസലിനെ ഇന്നലെ താനൂര്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പിടികൂടുകയായിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

2018 ലെ പ്രളയത്തിനാണ് ജൈസല്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. മലപ്പുറത്തെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്താന്‍ ഫൈബര്‍ വള്ളവുമായി എത്തിയിരുന്നു. വള്ളത്തില്‍ കയറുന്നതിനിടെ ഒരു സ്ത്രീ വെള്ളത്തില്‍ വീണതോടെ പ്രായമായ രണ്ട് സ്ത്രീകള്‍ കയറാന്‍ കൂട്ടാക്കിയില്ല.

ഇതോടെ ജൈസല്‍ വെള്ളത്തില്‍ കമഴ്ന്ന് കിടന്ന് മുതുകില്‍ ചവിട്ടി കയറിക്കോളാന്‍ ആവശ്യപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരവധി പേര്‍ ജൈസലിന് അഭിനന്ദനവുമായി അന്ന് രംഗത്തെത്തിയിരുന്നു.