'മുഖ്യമന്ത്രിയ്ക്ക് എന്നോട് വിദ്വേഷമുണ്ടായിരുന്നില്ല, സസ്‌പെന്‍ഷന് പിന്നില്‍ അന്നത്തെ ചീഫ് സെക്രട്ടറി'; ജേക്കബ് തോമസ്

തന്റെ സസ്‌പെന്‍ഷന് പിന്നില്‍ മുഖ്യമന്ത്രിയല്ല, അന്നത്തെ ചീഫ് സെക്രട്ടറിയാണെന്ന് ജേക്കബ് തോമസ് ഐ.പി.എസ്. മുഖ്യമന്ത്രിക്ക് തന്നോട് വിദ്വേഷമുണ്ടായിരുന്നില്ല. തന്നെ ദ്രോഹിച്ചിട്ടുമില്ല. അന്നത്തെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അഴിമതിക്കെതിരായ എല്ലാ നടപടികളും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് ചെയ്തത്. കൂട്ടിലടച്ച തത്ത എന്ന് തന്നെ പലരും അന്ന് വിളിച്ചു. ഇന്ന് കൂട്ടില്‍ ഒരു തത്തയെങ്കിലുമുണ്ടോ? – ജേക്കബ് തോമസ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. അന്നത്തെ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെ ഉന്നം വെച്ചാണ് ജേക്കബ് തോമസിന്റെ പരാമര്‍ശങ്ങള്‍.

അഴിമതിയ്ക്ക് എതിരെ പോരാടിയ തന്നെ ഒതുക്കണമെന്ന ആഗ്രഹമായിരുന്നു പലര്‍ക്കും. അതൊരു ചീഫ് സെക്രട്ടറി മാത്രമായിരുന്നില്ലെന്ന് ജേക്കബ് തോമസ് പറയുന്നു. 2017-ല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചെന്ന പേരില്‍ തന്നെ സസ്പെന്‍ഡ് ചെയ്തത് സാമാന്യനീതിയുടെ ലംഘനമായിരുന്നു. എപ്പോഴും താക്കോല്‍ സ്ഥാനത്തുള്ള പല ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ ചായ്‌വുണ്ട്.

സര്‍വീസില്‍ നിന്ന്  വിരമിക്കാന്‍ തന്നെയാണ് ആഗ്രഹം. അപേക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ജേക്കബ് തോമസ് പറയുന്നു. തോറ്റ എംപിമാര്‍ക്ക് വരെ ഇന്ന് ശമ്പളമുള്ള സഹചര്യത്തില്‍ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതില്‍ എന്താണ് തെറ്റെന്നും ജേക്കബ് തോമസ് ചോദിക്കുന്നു. രാഷ്ട്രീയം നല്ല ജോലിയാണ്. തന്നെ നാണം കെടുത്താനാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി വന്നിട്ടും സസ്‌പെന്‍ഷന്‍ തുടരുന്നതെന്നാണ് ജേക്കബ് തോമസിന്റെ ആരോപണം.

ബിജെപി മോശം രാഷ്ട്രീയപാര്‍ട്ടിയാണെന്ന് കരുതുന്നില്ലെന്നാണ് ജേക്കബ് തോമസ് പറയുന്നത്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല. ജയ് ശ്രീറാം വിളി നിഷിദ്ധമായത് പോലെയാണ് ഇപ്പോള്‍ പ്രചാരണം നടക്കുന്നത്. “ജയ് ശ്രീറാം” എന്ന് കേള്‍ക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭയമുണ്ടാകേണ്ട കാര്യമില്ലെന്നും ജേക്കബ് തോമസ് ആവര്‍ത്തിക്കുന്നു.