ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതിയുണ്ട്, കേസ് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍: മോഹന്‍ലാല്‍

ആനക്കൊമ്പ് കേസില്‍ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരേ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും നിലവിലുള്ള പരാതികള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്നും മോഹന്‍ലാല്‍ നല്‍കിയ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് അനുമതിയുള്ളതിനാല്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ആനക്കൊമ്പ് കൈവശം വെക്കാന്‍ മുന്‍കാലപ്രാബല്യത്തോടെ മുഖ്യവനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നും കേസില്‍ അന്വേഷണം നടക്കുന്നില്ലെന്നും വ്യക്തമാക്കി പെരുമ്പാവൂര്‍ സ്വദേശി പൗലോസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

2012 ല്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമായിരുന്നു കേസില്‍ മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.