സന്ദേശം അയച്ച ആ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയല്ല, പ്രചാരണം തള്ളി താരത്തിന്റെ അടുപ്പക്കാര്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരായ കേസുമായി മുന്നോട്ടുപോകാന്‍ പിന്തുണയറിയിച്ചു സംവിധായകന്‍ ബാലചന്ദ്രകുമാറിനു സന്ദേശം അയച്ചതു മമ്മൂട്ടിയാണെന്ന പ്രചാരണം തള്ളി താരത്തിന്റെ അടുപ്പക്കാര്‍. ഇത്തരത്തില്‍ ഒരു മെസേജും അയച്ചിട്ടില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് തനിക്കു യാതൊരു അറിവുമില്ലെന്നും മമ്മൂട്ടി പ്രതികരിച്ചതായി അവര്‍ പറഞ്ഞു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പല പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടതു മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും പേരുകളാണ്. സോഷ്യല്‍ മീഡിയകളിലും ഇത്തരമൊരു പ്രചാരണം പരക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ ഈ പ്രതികരണം. തന്റെ പേര് അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴയ്ക്കുന്നതില്‍ താരം അതൃപ്തനാണ്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന തന്റെ വെളിപ്പെടുത്തലിന് മലയാളത്തിലെ ഒരു സൂപ്പര്‍ താരം പിന്തുണച്ചുവെന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. കേസുമായി മുന്നോട്ടു പോകാന്‍ അദ്ദേഹം പിന്തുണച്ചെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

‘മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ടുപോകാന്‍ അദ്ദേഹം പിന്തുണച്ചു. ഒരുപാട് താരങ്ങള്‍, അറിയുന്നവരും അറിയാത്തവരും മെസേജയക്കുന്നുണ്ട്. സംവിധായകരും നിര്‍മ്മാതാക്കളുമടക്കം പിന്തുണ നല്‍കുന്നുണ്ട്.’ എന്നായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.