'ജനകീയ സമരത്തെ ക്രിസ്ത്യന്‍ സമരമായി മുദ്ര കുത്തുന്നത് ശരിയല്ല'; വിഴിഞ്ഞം സമരത്തെ പിന്തുണച്ച് തലശ്ശേരി അതിരൂപത

വിഴിഞ്ഞം സമരത്തെ പിന്തുണച്ച് തലശ്ശേരി അതിരൂപത. ന്യായമായ വിഴിഞ്ഞം സമരത്തെ ക്രൈസ്തവ സമരം എന്നും സഭാ സമരം എന്നും മുദ്രകുത്തുന്നത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. സമരക്കാരെ അധികാരികള്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് യഥാര്‍ഥ പ്രശ്‌നം മറച്ചുവെക്കാനാണെന്നും സമരക്കാരുടെ ആവശ്യം തികച്ചും ന്യായമാണെന്നും ബിഷപ്പ് പറഞ്ഞു.

ലത്തീന്‍ സഭയുടെ സമരത്തെ മറ്റ് സഭകളെല്ലാം അനുകൂലിക്കുന്നുണ്ട്. സഭകള്‍ തമ്മില്‍ അകല്‍ച്ചയും പിന്തുണക്കുറവും ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് സമരത്തെ ദുര്‍ബലമാക്കുന്നതിന് സമാനമാണ്.

മുഖ്യമന്ത്രിയില്‍ പൂര്‍ണ വിശ്വാസം ഉണ്ട്. സമരത്തെ മനസിലാക്കാനും സമരത്തിന് പിന്നില്‍ ഏതെങ്കിലും സാമൂഹ്യ വിരുദ്ധര്‍ ഉണ്ടെങ്കില്‍ അത് തിരിച്ചറിയാനും മുഖ്യമന്ത്രിക്കും പൊലീസിനും കഴിയും.

രാജ്യ വിരുദ്ധമായ ലക്ഷ്യം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ സര്‍ക്കാര്‍ തന്നെ അക്കാര്യം ശരിയായി അന്വേഷിക്കുകയാണ് വേണ്ടത്. പുനരധിവാസ പാക്കേജ് നടപ്പാക്കാതെ തുറമുഖം തുറന്നാല്‍ ഒരു കാലത്തും പുനരധിവാസം നടക്കില്ല.

Read more

ജനകീയ സമരത്തെ ലത്തീന്‍ സഭയുടെ സമരം ക്രിസ്ത്യാനികളുടെ സമരം എന്നൊക്കെ ബ്രാന്റ് ചെയ്യുന്നത് കേരളത്തിന് ചേര്‍ന്നതല്ലെന്നും ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.