തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കൽ. കാരണം കാണിക്കൽ നോട്ടീസ് കിട്ടിയെന്നും വിശദീകരണം നൽകുമെന്നും ഡോ ഹാരിസ് ചിറക്കൽ പറഞ്ഞു.
ഉപകരണങ്ങള്‍ ഇല്ലെന്ന് പറഞ്ഞത് സത്യമാണ്. താന്‍ ശസ്ത്രക്രിയ മുടക്കിയെന്നത് കള്ളമാണ്. തനിക്കെതിരായ സമിതിയുടെ റിപ്പോര്‍ട്ട് വ്യാജമെന്നും ഹാരിസ് പറയുന്നു. ഉപകരണക്ഷാമം ഇപ്പോളുമുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ഹാരിസ് ആവശ്യപ്പെട്ടു.
ഇത് പ്രതികാര നടപടിയാണ്. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി വിദഗ്ധ സമിതിക്ക് മുന്നില്‍ നല്കി. വിദഗ്ധ സമിതി റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. ഒന്നുകില്‍ റിപ്പോര്‍ട്ട് വ്യാജമാകാം. അല്ലെങ്കില്‍ അത് വിശകലനം ചെയ്തിരിക്കുന്നത് തെറ്റാകാം. ആശുപത്രിയില്‍ ഉപകരണമില്ല എന്നുള്ള കാര്യം അവര്‍ക്ക് അറിയാം.
പരിഹരിക്കാന്‍ നടപടിയില്ലെന്നും അവര്‍ക്കറിയാം. സോഷ്യല്‍ മീഡിയായില്‍ എഴുതിയത് ചട്ടലംഘനമാണ്. വേറെ വഴിയില്ലാത്തതിനാലാണ് ഫേസ്ബുക്കില്‍ എഴുതിയത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്- ഹാരിസ് ചിറക്കല്‍ പറഞ്ഞു.
Read more
എന്ത് നടപടിയുണ്ടായാലും നേരിടും. ഒളിച്ചോടില്ല. മെഡിക്കല്‍ കോളജില്‍ ഉപകരണക്ഷാമം ഇപ്പോഴുമുണ്ട്. മറുപടി തയ്യാറാണ്. ഹെൽത്ത് സെക്രട്ടറിക്ക് നേരിട്ട് മറുപടി നൽകും. പലർക്കും പല താത്പര്യങ്ങളും കാണും. ആരോഗ്യമന്ത്രിയുമായി പിന്നീട് സംസാരിച്ചിട്ടില്ല. ആരോഗ്യമന്തിയുടെ പിഎസിന് വിവരം നൽകിയതിന് തെളിവ് ഉണ്ട്. അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണം. എന്ത് നടപടിയായാലും സ്വീകരിക്കും. ഏറ്റുമുട്ടാനില്ല. രാവിലെ മുതൽ രാത്രി വരെ ചെയ്യാൻ ജോലി ഉണ്ട്. ശസ്ത്രക്രിയ മടക്കി എന്ന് ആരോപിക്കുന്നത് അവഹേളിക്കാനാണെന്നും ഡോ ഹാരിസ് ചിറയ്ക്കൽ പറഞ്ഞു.