'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍ ആണെന്ന് രാഹുല്‍ഗാന്ധി. സംസ്ഥാന നേതൃത്വത്തോടാണ് രാഹുൽഗാന്ധി ഇക്കാര്യം വിശദീകരിച്ചത്. ഡല്‍ഹിയില്‍ നടന്ന ഹൈക്കമാന്‍ഡ്-കെപിസിസി കൂടിക്കാഴ്ചയില്‍ ശശി തരൂരിന്റെ അതൃപ്തി ചര്‍ച്ചയായിരുന്നു.

തനിക്ക് ലഭിച്ച ലിസ്റ്റില്‍ തരൂരിന്റെ പേര് ഇല്ലായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കെപിസിസി ഭാരവാഹികളുമായി ഹൈകമാന്റ് ചേര്‍ന്ന ആദ്യ യോഗത്തിലെ ഡോ ശശി തരൂരിന്റെ അസാന്നിധ്യം വീണ്ടും ചര്‍ച്ചകള്‍ തുടക്കമിട്ട പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിശദീകരണം. തനിക്ക് തന്ന നേതാക്കളുടെ ലിസ്റ്റില്‍ തിരൂരിന്റെ പേര് ഇല്ലായിരുന്നുവെന്നും രാഹുല്‍ഗാന്ധി വിശദീകരിച്ചു.

മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ കാരണമാണ് ശശിതരൂര്‍ പങ്കെടുക്കാത്തത് എന്ന് പറഞ്ഞായിരുന്നു സംസ്ഥാന നേതാക്കള്‍ തടിതപ്പിയത്. വയനാട് ലക്ഷ്യ ക്യാമ്പില്‍ തരൂര്‍ നേതാക്കള്‍ക്ക് ഒപ്പം ഉള്ള ചിത്രങ്ങള്‍ പുറത്തവന്നത്തോടെ കാലങ്ങളായി പാര്‍ട്ടി നേതൃത്വത്തോടുണ്ടായിരുന്ന അകല്‍ച്ച പരിഹരിക്കപ്പെട്ടു എന്ന സന്ദേശം ആയിരുന്നു.കൊച്ചി മഹാ പഞ്ചായത്തിലേക്ക് എത്തിയപ്പോള്‍ കാര്യങ്ങള്‍ പഴയ പടി ആയി.തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ ശശി തരൂര്‍ ഇടഞ്ഞുനിന്നാല്‍ ദോഷം പാര്‍ട്ടിക്ക് തന്നെയാണ്.

‘മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും’; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

വരാനിരിക്കുന്ന കേരളാ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ജനുവരി 19-ന് കൊച്ചിയിൽ നടന്ന കെപിസിസി മഹാപഞ്ചായത്ത് പരിപാടിയിലെ സംഭവ വികാസങ്ങളിൽ തരൂർ അതൃപ്തനാണെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കാനുള്ള തീരുമാനം.

താൻ അപമാനിതനായെന്ന വികാരം തരൂർ നേതാക്കളെ അറിയിച്ചു. പരിപാടിയെ കുറിച്ച് കൃത്യമായ വിവരം പാർട്ടി നേതാക്കൾ നൽകിയിരുന്നില്ല. സമയപരിമിതിയുണ്ടെന്നറിയിച്ച് തന്റെ പ്രസംഗം നേരത്തെയാക്കി. രാഹുൽ ഗാന്ധി വേദിയിലെത്തിയ ശേഷം മറ്റ് നേതാക്കൾക്ക് പ്രസംഗിക്കാൻ അവസരം നൽകിയെന്നും തന്നെ തഴഞ്ഞുവെന്നുമാണ് തരൂർ പറയുന്നത്.

പാർട്ടിക്കെതിരെ പരസ്യ വിമർശനങ്ങളുന്നയിക്കുന്നതിൽ നിന്നും പിൻമാറുമെന്നും പൂർണ്ണമായും പാർട്ടിക്ക് വിധേയനായിരിക്കുമെന്ന ഉറപ്പ് നേതാക്കൾക്ക് തരൂർ നൽകിയിരുന്നു. തെരഞ്ഞെടുപ്പിലടക്കം യാതൊരവകാശവാദവും ഉന്നയിക്കില്ലെന്നും തരൂർ വ്യക്തമാക്കിയിരുന്നതായാണ് വിവരം. നിലവിലെ അതൃപ്തി സാഹചര്യത്തിൽ എന്താകും തരൂർ സ്വീകരിക്കുന്ന നിലപാടെന്നതിൽ വ്യക്തതയില്ല.

Read more