അതിര് നിശ്ചയിക്കാന്‍ കല്ലിടുന്നത് നിയമവിരുദ്ധം; കെ- റെയിലിന്റെ വാദം തെറ്റെന്ന് രേഖകള്‍

സംസ്ഥാനത്ത് കല്ലിടല്‍ പ്രതിഷേധങ്ങള്‍ക്കിടെ കെറെയില്‍ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. കെ റെയില്‍ സര്‍വ്വേ കല്ലുകള്‍ ഇടുന്നത് നിയമ പ്രകാരമെന്നായിരുന്നു കെ റെയില്‍ എംഡിയുടെ വാദം. എന്നാല്‍ കേരള സര്‍വ്വേ ആന്റ് ബൗണ്ടറീസ് ആക്ടില്‍ പദ്ധതി ഭൂമിക്ക് സര്‍വ്വേ നടത്താന്‍ അതിരുകല്ലുകള്‍ സ്ഥാപിക്കണമെന്ന് പറഞ്ഞിട്ടില്ല. ഭൂമി അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി മാര്‍ക്കുകള്‍ സ്ഥാപിച്ചാല്‍ മതിയെന്നാണ് ചട്ടം. ഇത് മറികടന്നാണ് ജനങ്ങളെ വെല്ലുവിളിച്ച് സര്‍ക്കാര്‍ കല്ലുകള്‍ സ്ഥാപിക്കുന്നത്.

സാമൂഹിക ആഘാത പഠനം നടത്താന്‍ കല്ലുകള്‍ സ്ഥാപിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നാണ് കെ റെയിലിന്റെ വാദം. ഏതു പദ്ധതിക്കും സാമൂഹിക ആഘാത പഠനത്തിന് വിജ്ഞാപനമിറക്കി സര്‍ക്കാരിന് സര്‍വ്വേ നടത്താമെന്ന് കേരള സര്‍വ്വേ ആന്റ് ബൗണ്ടറീസ് ആക്ടിന്റെ സെക്ഷന്‍ നാലും, ആറും വ്യക്തമാക്കുന്നു. ഇത് ദുര്‍വ്യാഖ്യാനിച്ചാണ് സര്‍ക്കാര്‍ ത്വരിതഗതിയില്‍ കല്ലിടല്‍ നടപ്പാക്കുന്നത്.

Read more

സാമൂഹിക ആഘാത പഠനം നടത്തേണ്ട ഭൂമിയുടെ അതിര് തിരിച്ച് ചിഹ്നങ്ങള്‍ നല്‍കി മാര്‍ക് ചെയ്താല്‍ മതിയെന്നിരിക്കെയാണ് കല്ലിടല്‍ നടക്കുന്നത്. ഇത് ആ പ്രദേശത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. ഇതോടെ സര്‍ക്കാരും കെ റെയിലും മുന്നോട്ടുവെക്കുന്ന വാദങ്ങള്‍ പൊളിയുകയാണ്.