'കണ്‍സഷന്‍ കൊടുത്ത് ബസുകളില്‍ യാത്ര ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ അപമാനം'; മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്ന് കെ.എം അഭിജിത്ത്

കണ്‍സഷന്‍ കൊടുത്ത് ബസുകളില്‍ യാത്ര ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ അപമാനമാണെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്. വിദ്യാര്‍ത്ഥി കണ്‍സഷന്‍ സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമല്ലെന്ന് അഭിജിത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വിദ്യാര്‍ഥി കണ്‍സഷന്‍ കൊടുത്ത് ബസ്സുകളില്‍ യാത്ര ചെയ്യുന്നത് വിദ്യാര്‍ഥികള്‍ക്ക് തന്നെ അപമാനമാണ് എന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണ്.

പ്രസ്താവന പിന്‍വലിക്കാന്‍ മന്ത്രി തയാറാകണം. മന്ത്രി മാളികയില്‍ താമസിക്കുന്ന ആന്റണി രാജു പാവപ്പെട്ടവനെ മറന്ന്, അധികാരം കയ്യിലുണ്ടെന്ന അഹങ്കാരത്തില്‍ വിദ്യാര്‍ഥിസമൂഹത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കാനാണ് തയാറാകുന്നതെങ്കില്‍ അത്തരം നടപടികളെ പ്രതിരോധിക്കാനും, തിരുത്തിക്കാനും കെഎസ്യു മുന്നിലുണ്ടാകും.

‘വിദ്യാര്‍ഥി കണ്‍സഷന്‍ ഔദാര്യമല്ല, വിദ്യാര്‍ഥികളുടെ അവകാശമാണ് അത് നേടിയെടുത്തത് കെഎസ്യുവാണ്.’