ഐ.എസ്.ആർ.ഒ ചാരക്കേസ്; കുറ്റം ചെയ്തവർ നിയമപരമായ പ്രത്യാഘാതം നേരിടട്ടെ: നമ്പി നാരായണൻ

ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് നമ്പി നാരായണൻ. ഗൂഢാലോചന നടന്നിട്ടുണ്ട്. രാഷ്ട്രീയ ഗൂഢാലോചനയാണോ അല്ലയോ എന്ന് താൻ പറയുന്നില്ല. കുറ്റം ചെയ്തവർ അതിന്‍റെ നിയമപരമായ പ്രത്യാഘാതം നേരിടട്ടെയെന്നും നമ്പി നാരായണൻ പറഞ്ഞു.

ഒരു കുറ്റം നടന്നിട്ടുണ്ട്. അതിന്‍റെ ഇരയാണ് താൻ. നിയമപരമായ കാര്യങ്ങൾ അതിന്‍റെ വഴിക്ക് നടക്കട്ടെ. സുപ്രീംകോടതിയാണ് അന്വേഷണ സമിതി ഉണ്ടാക്കിയത്. സുപ്രീംകോടതി ജഡ്ജാണ് കമ്മിറ്റിയിലുള്ളതെന്നും നമ്പി നാരായണൻ പറഞ്ഞു.

ജസ്റ്റിസ് ജയിൻ കമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന നമ്പി നാരായണന്‍റെ ആവശ്യം കോടതി ഇന്ന് തള്ളിയിരുന്നു. എല്ലാ ആഗ്രഹങ്ങളും നടക്കണമെന്നില്ലെന്നും, അതൊക്കെ വർഷങ്ങൾക്ക് മുമ്പുള്ള ആഗ്രഹമായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നമ്പി നാരായണൻ പ്രതികരിച്ചു.

കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും ഇനിയും പറയുമെന്നും നമ്പി നാരായണൻ പറഞ്ഞു.

ഐ.എസ്.ആർ.ഒ ചാരക്കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യം സി.ബി.ഐ അന്വേഷിക്കണമെന്നാണ് സുപ്രീംകോടതി ഇന്ന് വിധിച്ചത്. ജസ്റ്റിസ് ജയിൻ കമ്മീഷൻ‍ റിപ്പോർട്ടിലെ ശിപാർശ അംഗീകരിച്ചാണ് വിധി. ജയിൻ കമ്മീഷൻ‍ റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.