ഓണക്കാലത്ത് റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് അരിയുടെയും പഞ്ചസാരയുടെയും വില; ഇത്രയും വിലക്കുറവുള്ള സംസ്ഥാനം വേറെയുണ്ടോയെന്ന് ഭക്ഷ്യമന്ത്രി; സര്‍ക്കാസമാണോയെന്ന് സോഷ്യല്‍ മീഡിയ

സംസ്ഥാനത്തെ ജനങ്ങള്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുമ്പോള്‍ വിചിത്ര പ്രസ്താവനയുമായി ഭക്ഷ്യവകുപ്പ് മന്ത്രി ജിആര്‍ അനില്‍. സപ്ലൈകോയില്‍ പൊതുവിപണിയേക്കാള്‍ വിലകുറച്ചാണ് സാധനങ്ങള്‍ വില്‍ക്കുന്നതെന്നാണ് മന്ത്രിയുടെ പ്രസ്താവന. എന്നാല്‍ സപ്ലൈകോയില്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ജനങ്ങള്‍ വലഞ്ഞിരിക്കുമ്പോഴാണ് മന്ത്രി ജിആര്‍ അനിലിന്റെ വിവാദ പരാമര്‍ശം.

ഇന്ത്യയില്‍ വേറെ ഏത് പൊതുമേഖല സ്ഥാപനം ഇത്തരത്തില്‍ വിലകുറച്ച് സാധനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുമെന്ന് മന്ത്രി ചോദിക്കുന്നു. 46 രൂപ വിലയുള്ള പഞ്ചസാര 33 രൂപയ്ക്ക് നല്‍കുന്നത് വിലക്കയറ്റമാണോയെന്നും ജിആര്‍ അനില്‍ ചോദിച്ചു. ജനങ്ങള്‍ക്ക് ആശ്വാസം പകരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം അരിയും പഞ്ചസാരയും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില സപ്ലൈകോയില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നതിനിടെയാണ് മന്ത്രി വിലക്കയറ്റം സപ്ലൈകോയെ ബാധിച്ചിട്ടില്ലെന്ന് അഭിപ്രായപ്പെട്ടത്. സബ്‌സിഡി ഉത്പന്നങ്ങളായ കുറുവ അരിയ്ക്ക് കിലോയ്ക്ക് 30രൂപയില്‍ നിന്ന് 33 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

Read more

മട്ട അരിയുടെ വിലയും 30ല്‍ നിന്നും 33 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പച്ചരി കിലോയ്ക്ക് 26 രൂപയില്‍ നിന്ന് 29 രൂപയായി ഉയര്‍ത്തി. പഞ്ചസാരയുടെ വില 27 രൂപയില്‍ നിന്ന് 33 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ച ശേഷം വിലക്കയറ്റം ഉണ്ടായിട്ടില്ലെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്.