കെട്ടിടനമ്പര്‍ ക്രമക്കേട്; സി.പി.എം നേതാവിന്റെ കെട്ടിടത്തിനും അനധികൃതമായി നമ്പര്‍ നല്‍കിയെന്ന് കണ്ടെത്തി

കോഴിക്കോട് കോര്‍പ്പറേഷനില്‍ സിപിഎം പ്രാദേശിക നേതാവിന്റെ കെട്ടിടത്തിന് ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്‍കിയതായി കണ്ടെത്തി. വര്‍ഷങ്ങളായി കോര്‍പറേഷന്റെ അനുമതി ലഭിക്കാതിരുന്ന കെട്ടിടം സിപിഎം ബ്രാഞ്ച് സെക്രട്ടറി രണ്ടു വര്‍ഷം മുന്‍പ് വാങ്ങി പുതുക്കിപ്പണിഞ്ഞു. ഇതോടെയാണ് നമ്പര്‍ ലഭിച്ചത്. കെട്ടിടത്തില്‍ 5 വര്‍ഷത്തേക്ക് വ്യാപാരം നടത്താനുള്ള ലൈസന്‍സും കോര്‍പറേഷന്‍ നല്‍കിയിട്ടുണ്ട്്.

അതേസമയം 35 കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്‍കിയതായും കോര്‍പ്പറേഷന്‍ കണ്ടെത്തി. കോര്‍പ്പറേഷന്‍ നിയമിച്ച പ്രത്യേക സ്‌ക്വാഡ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ആറംഗ സംഘമാണ് പരിശോധന നടത്തയത്. കെട്ടിട നമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് നിയമലംഘനം അന്വേഷിക്കാന്‍ ഒരാഴ്ച മുമ്പാണ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചത്.

ഒരു റവന്യു ഇന്‍സ്പെക്ടര്‍, മൂന്ന് ക്ലാര്‍ക്കുമാര്‍, ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഒരു ഓവര്‍സീയര്‍ എന്നിവരാണു കെട്ടിട നമ്പര്‍ ക്രമക്കേട് അന്വേഷിക്കുന്ന സ്‌ക്വാഡിലുള്ളത്. കേസില്‍ ജില്ലാ ക്രൈം ബ്രാഞ്ചും അന്വേഷണം തുടരുകയാണ്. ഇത്തരത്തില്‍ ക്രമക്കേട് നടന്നിട്ടുള്ള കെട്ടിടങ്ങള്‍ ഇനിയുമുണ്ട്. അവ കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്നും മേയര്‍ അറിയിച്ചു.

കെട്ടിട നമ്പര്‍ ക്രമക്കേടുകളെ സംബന്ധിച്ച് ഒരു മാസത്തിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മേയര്‍ നിര്‍ദ്ദേശം നല്‍കി. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും കോര്‍പ്പറേഷനിലെ 2 ഉദ്യോസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.