കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തള്ളി പാർട്ടി ചെയർമാൻ ജോസ് കെ മാണി. തങ്ങളെയോർത്ത് ആരും കരയേണ്ടെന്ന് പറഞ്ഞ ജോസ് കെ മാണി ആരാണ് ഈ ചർച്ച നടത്തുന്നതെന്നും മാധ്യമങ്ങളോട് ചോദിച്ചു. എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
പലയിടങ്ങളില്‍ നിന്നും ക്ഷണം വരുന്നുണ്ട്. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എവിടെയോ അവിടെ ഭരണമുണ്ടാകുമെന്ന് പറഞ്ഞ ജോസ് കെ മാണി, കേരള കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്ന് വ്യക്തമാക്കി. അതേസമയം കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ് എന്ന് ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോസ് കെ മാണി പ്രതികരിച്ചിരുന്നു.
പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ ജോസ് കെ മാണി സത്യം ഇതായിരിക്കേ ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ബോധപൂർവ്വം പാർട്ടി അസ്ഥിരപ്പെടുത്താൻ ഉള്ള അജണ്ടയുടെ ഭാഗമാണെന്നും കൂട്ടിച്ചേർത്തു.







