കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയോ?; വ്യക്തമാക്കേണ്ടത് ലീഗെന്ന് പി രാജീവ്

പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറിലേക്കുള്ള ക്ഷണം ലീഗ് നിരസിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. സിപിഐഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്ന് മുസ്ലീം ലീഗിനെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് മോശം പ്രതികരണങ്ങള്‍ നടത്തിയെന്ന് പി രാജീവ് ആരോപിച്ചു.കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് വഴങ്ങിയോ എന്ന് വ്യക്തമാക്കേണ്ടത് ലീഗാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളില്‍നിന്നുണ്ടായത് മോശം പ്രതികരണങ്ങളാണ്. പൊതുവിഷയങ്ങളില്‍ ഒരുമിച്ച് നില്‍ക്കണമെന്ന ലീഗിന്‍റെ തോന്നല്‍ സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു .ലീഗ് ക്ഷണം നിരസിച്ചുവെന്നതിൽ യുക്തിയില്ലെന്ന് സിപിഐഎം നേതാവ് പി മോഹനനും പ്രതികരിച്ചു.

അതേസമയം സിപിഐഎം കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയില്‍ മുസ്‌ലിം ലീഗിന് സാങ്കേതികമായി പങ്കെടുക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും പരിപാടി നന്നായി നടക്കട്ടെയെന്നുമാണ് കുഞ്ഞാലിക്കുട്ടി അറിയിച്ചത്.