അദൃശ്യരാക്കപ്പെട്ട ജീവിതങ്ങള്‍: നഗര ഇന്ത്യയിലെ കുടിയേറ്റ വയോധിക സ്ത്രീകളും നയപരമായ ശൂന്യതയും; എംപവര്‍മെന്റ് ഫൗണ്ടേഷന്റെ ഫീല്‍ഡ് സ്റ്റഡി പറയുന്നത്

ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്ന വയോധിക സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ സാമൂഹ്യനയ വ്യവസ്ഥയിൽ പ്രവർത്തിക്കുന്നത് ഒരു അപകടകരമായ ശൂന്യതയാണ്. ഈ ശൂന്യത ഒരു അശ്രദ്ധയല്ല, മറിച്ച് നയങ്ങളുടെ ആന്തരിക ഘടനയിൽ തന്നെ പതിഞ്ഞുകിടക്കുന്ന കാഴ്ചക്കുറവാണ്. കൊച്ചി നഗരപരിസരങ്ങളിൽ Student Empowerment Foundation നടത്തിയ ഫീൽഡ് സ്റ്റഡിയിൽ രേഖപ്പെടുത്തിയ അനുഭവങ്ങൾ വ്യക്തമാക്കുന്നത്, ഈ സ്ത്രീകൾ അനുഭവിക്കുന്ന ദാരിദ്ര്യവും ഒറ്റപ്പെടലും മാനസിക തകർച്ചയും വ്യക്തിഗത ദുരന്തങ്ങളല്ല; അവ നയപരമായ പരാജയങ്ങളുടെ ക്രമാതീത ഫലങ്ങളാണെന്നതാണ്.
ഇന്ത്യയിലെ കുടിയേറ്റ നയങ്ങൾ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് പ്രധാനമായും തൊഴിൽ കുടിയേറ്റത്തെ മുൻനിർത്തിയാണ്. യുവാക്കളും ഉത്പാദനശേഷിയുള്ള തൊഴിലാളികളും നഗരങ്ങളിലേക്ക് നീങ്ങുന്ന ഒരു ചിത്രം മാത്രമാണ് നയഭാഷയിൽ ഉള്ളത്. വയോധിക സ്ത്രീകളുടെ നീക്കം ഈ നിർവചനത്തിൽ പെടുന്നില്ല. അവർ തൊഴിൽ തേടിയല്ല നഗരത്തിലേക്ക് എത്തുന്നത്; അവർ എത്തിക്കപ്പെടുകയാണ്. ഭർത്താവിന്റെ മരണത്തിന് ശേഷം, കാർഷിക പ്രതിസന്ധിയിൽ ഭൂമി നഷ്ടപ്പെട്ടപ്പോൾ, മക്കൾ നഗരങ്ങളിലേക്ക് കുടിയേറിയപ്പോൾ “പരിചരണത്തിനായി” എന്ന പേരിലാണ് ഇവർ നഗരങ്ങളിലേക്ക് മാറ്റപ്പെടുന്നത്. ഈ നീക്കം സ്വമേധയല്ല; അത് സാമൂഹിക നിർബന്ധിതത്വത്തിന്റെ ഫലമാണ്. എന്നിട്ടും, നയരേഖകളിൽ ഇത് കുടിയേറ്റമായി പോലും അംഗീകരിക്കപ്പെടുന്നില്ല. ഇതാണ് ആദ്യത്തെ നയവിടവ്—കുടിയേറ്റത്തിന്റെ തെറ്റായ നിർവചനം.ഈ തെറ്റായ നിർവചനം തുടർന്നുള്ള എല്ലാ നയപരാജയങ്ങൾക്കും അടിസ്ഥാനം ഒരുക്കുന്നു. കുടിയേറ്റം തൊഴിൽകേന്ദ്രിതമായി മാത്രം കാണുമ്പോൾ, തൊഴിൽ ചെയ്യാത്തവരായി കണക്കാക്കപ്പെടുന്ന വയോധിക സ്ത്രീകൾ നയങ്ങളുടെ പുറമ്പോക്കിലാകുന്നു. അവർ നഗരത്തിലെത്തുമ്പോൾ അവർക്കായി പ്രത്യേകമായ ഒരു സംരക്ഷണ സംവിധാനവും നിലവിലില്ല. ഇത് യാദൃച്ഛികമല്ല; ഇത് design failure ആണ്.നിലവിലുള്ള നയങ്ങൾ കുടിയേറ്റത്തെ പ്രധാനമായും തൊഴിൽ കുടിയേറ്റമായി മാത്രം കാണുന്നു. വയോധിക സ്ത്രീകളുടെ നീക്കം തൊഴിൽ തേടിയുള്ളതല്ല; അത് ജീവൻ നിലനിർത്താനുള്ള സാമൂഹിക നീക്കമാണ് വിധവയായതിന് ശേഷം, ഭൂമി നഷ്ടപ്പെട്ടതിന് ശേഷം, മക്കൾ നഗരങ്ങളിലേക്ക് മാറിയതിന് ശേഷം “പരിചരണത്തിനായി” എന്ന പേരിൽ നടന്ന ഒരു നിർബന്ധിത മാറ്റം. ഈ യാഥാർഥ്യം നയഭാഷയിൽ ഇടംപിടിക്കാത്തതിനാൽ, ഇവർ നയങ്ങളുടെ പുറമ്പോക്കിലായി തുടരുന്നു.

രണ്ടാമത്തെ വലിയ നയവിടവ് സാമൂഹ്യസുരക്ഷയുടെ വിലാസകേന്ദ്രിത സ്വഭാവത്തിലാണ്. ഇന്ത്യയിലെ പെൻഷൻ, റേഷൻ, ആരോഗ്യസേവനങ്ങൾ എന്നിവയുടെ ആക്‌സസ് സ്ഥിരതാമസ വിലാസത്തെ ആശ്രയിച്ചാണ്. ഗ്രാമത്തിലാണ് രേഖകൾ; നഗരത്തിലാണ് ജീവിതം. ഈ രണ്ടിനും ഇടയിൽ കുടുങ്ങുന്നത് വയോധിക കുടിയേറ്റ സ്ത്രീകളാണ്. അവർക്ക് പെൻഷൻ ലഭിക്കണമെങ്കിൽ ഗ്രാമത്തിലെ ഓഫിസിൽ ഹാജരാകണം; ആരോഗ്യസേവനം ലഭിക്കണമെങ്കിൽ നഗരത്തിലെ ജ്യൂരിസ്ഡിക്ഷനിൽ പേര് രജിസ്റ്റർ ചെയ്യണം. ഈ ഭൗതികവും ബ്യൂറോക്രാറ്റിക് ആയതുമായ തടസ്സങ്ങൾ വയോധിക സ്ത്രീകൾക്ക് അതിക്രമിക്കാൻ കഴിയാത്തവയാണ്. പോർട്ടബിലിറ്റി ഇല്ലാത്ത നയങ്ങൾ മനുഷ്യനെ തന്നെ അചഞ്ചലനാക്കുന്നു. ഇത് ഒരു ഭരണപരമായ പിഴവല്ല; ഇത് നയരൂപകൽപ്പനയിലെ മനഃപൂർവമായ അവഗണനയാണ്. മൂന്നാമത്തെ നയവിടവ് മാനസികാരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള സ്ഥാപനപരമായ മൗനത്തിലാണ്. നഗര പ്രാഥമികാരോഗ്യ സംവിധാനങ്ങളിൽ വയോധിക സ്ത്രീകളുടെ ഉത്കണ്ഠ, വിഷാദം, ഓർമ്മക്കുറവ് എന്നിവ രോഗങ്ങളായി പോലും പരിഗണിക്കപ്പെടുന്നില്ല. “വയസ്സായാൽ ഇങ്ങനെ ഉണ്ടാകും” എന്ന ഒരു പൊതുവായ വാചകത്തിലൂടെ ഈ പ്രശ്നങ്ങൾ തള്ളപ്പെടുന്നു. സ്ത്രീകൾക്ക് വേദന തുറന്ന് പറയരുതെന്ന സാംസ്കാരിക പരിശീലനം ഇവിടെ ഒരു സ്ഥാപനപരമായ നയം പോലെയാണ് പ്രവർത്തിക്കുന്നത്. ജറിയാട്രിക് മാനസികാരോഗ്യ സേവനങ്ങൾ നയരേഖകളിൽ പരാമർശിക്കപ്പെടാത്തതിനാൽ, അടിസ്ഥാന സംവിധാനങ്ങളിലും അവ ഇല്ല. ഇത് ചികിത്സയുടെ അഭാവമല്ല; സ്ത്രീകളുടെ അനുഭവങ്ങളെ അറിവായി അംഗീകരിക്കാത്ത epistemic violence ആണ്.

നാലാമത്തെ നയവിടവ് അനൗപചാരിക തൊഴിലും ശമ്പളമില്ലാത്ത അധ്വാനവും നയങ്ങളിൽ കാണാത്തതിലാണ്. പഠനത്തിൽ പങ്കെടുത്ത സ്ത്രീകളിൽ ഭൂരിഭാഗവും ജീവിതം മുഴുവൻ കൃഷി, മൃഗപരിപാലനം, വീടുപണി എന്നിവയിൽ ശമ്പളമില്ലാതെ ജോലി ചെയ്തവരാണ്. ഈ അധ്വാനം ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായ സംഭാവന നൽകിയിട്ടും, നയങ്ങളിൽ അത് രേഖപ്പെടുത്തപ്പെട്ടിട്ടില്ല. നഗരത്തിലെത്തിയാലും ഈ സ്ത്രീകൾക്ക് പെൻഷനില്ല, സംരക്ഷണനിധികളില്ല, “വിരമിക്കൽ” എന്ന ആശയം തന്നെ ഇല്ല. ചിലർ വീണ്ടും കുറഞ്ഞ വേതനമുള്ള വീട്ടുജോലികളിലേക്കോ പരിചരണ ജോലികളിലേക്കോ തള്ളപ്പെടുന്നു; മറ്റുചിലർ കുടുംബത്തിനുള്ളിൽ അദൃശ്യമായ ശമ്പളമില്ലാത്ത തൊഴിലാളികളായി തുടരുന്നു. കെയർ ഇക്കണോമിയെ നയങ്ങൾ അംഗീകരിക്കാത്തതിനാൽ, ഈ സ്ത്രീകളുടെ ജീവിതകാല അധ്വാനം കണക്കാക്കപ്പെടുന്നില്ല.

അഞ്ചാമത്തെ നയവിടവ് വാസസ്ഥല നയങ്ങളിലാണ്. നഗരങ്ങളിലെ ഹൗസിംഗ് പദ്ധതികൾ യുവ തൊഴിലാളികളെയും ന്യൂക്ലിയർ കുടുംബങ്ങളെയും മുൻനിർത്തിയാണ് രൂപകൽപ്പന ചെയ്തത്. വയോധിക സ്ത്രീകൾക്ക് പ്രത്യേകമായ സുരക്ഷിത വാസസ്ഥല പരിഹാരങ്ങൾ ഇല്ല. അനൗപചാരിക കോളനികളിലും അസുരക്ഷിത വാടകവീടുകളിലും കഴിയുന്ന ഇവർ സ്ഥിരം പുറത്താക്കൽ ഭീഷണിയിലാണ്. ശുദ്ധജലവും ശൗചാലയവും സുരക്ഷയും ഇല്ലായ്മ ശരീരാരോഗ്യത്തെ മാത്രമല്ല, മാനസിക സമാധാനത്തെയും തകർക്കുന്നു. സുരക്ഷിത വാസസ്ഥലം ഒരു സാമൂഹ്യസുരക്ഷാ ഇടപെടലാണെന്ന ബോധം നയങ്ങളിൽ ഇല്ല.
ഈ നയവിടവുകൾ ഒന്നിച്ചുചേരുമ്പോൾ ഉണ്ടാകുന്ന ഫലം ഒരു ജീവിതകഥയിൽ വ്യക്തമായി കാണാം. നഫീസയ്ക്ക് 74 വയസ്സുണ്ട്. പാലക്കാട് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് അവളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും. കൃഷിയും വീട്ടുപണിയും ചെയ്താണ് അവൾ കുടുംബത്തെ നിലനിർത്തിയത്. ഭർത്താവ് മരിച്ചതിന് ശേഷം, കാർഷിക വരുമാനം തകർന്നപ്പോൾ, മക്കൾ നഗരത്തിലേക്ക് പോയപ്പോൾ അവളെയും “പരിചരണത്തിനായി” കൊച്ചിയിലേക്ക് കൊണ്ടുവന്നു. ഇന്ന് അവൾ മകന്റെ വാടകവീട്ടിലെ അടുക്കള യിലാണ് ഉറങ്ങുന്നത്. അവൾക്ക് സ്വതന്ത്രമായ ഒരു മുറിയില്ല, ഒരു വിലാസമില്ല, ഒരു വരുമാനമില്ല. പെൻഷൻ അപേക്ഷ തള്ളപ്പെട്ടു—സ്ഥിരവിലാസം ഗ്രാമത്തിലായതിനാൽ. നഗരത്തിൽ അവൾക്ക് ഒരു നിയമപരമായ സാന്നിധ്യവും ഇല്ല. അവളുടെ ദിനചര്യ സ്ഥിരം ഉത്കണ്ഠയും പാനിക് ആക്രമണങ്ങളും നിറഞ്ഞതാണ്, പക്ഷേ ഒരിക്കൽ പോലും മാനസികാരോഗ്യ പരിശോധന നടന്നിട്ടില്ല. നഫീസ ഒരു വ്യക്തിയിൽ നിന്ന് ഒരു നയശൂന്യതയായി മാറുന്ന പ്രക്രിയയാണ് ഈ റിപ്പോർട്ട് രേഖപ്പെടുത്തുന്നത്.

പഠനത്തിൽ ഫീൽഡ് സ്റ്റഡീ നടത്തിയ SEF ലെവാളൻറിയർമാർ

കേസ് സ്റ്റഡി: ജോലി വിരമിച്ചിട്ടും സ്വതന്ത്രമായി താമസിക്കാൻ ഇടമില്ലാത്ത ഒരു വയോധിക സ്ത്രീ
ഈ കേസ് സ്റ്റഡി ഇന്ത്യയിലെ നഗരനയങ്ങളും സാമൂഹ്യസുരക്ഷാ സംവിധാനങ്ങളും ജോലി ചെയ്തതും വിദ്യാഭ്യാസമുള്ളതുമായ വയോധിക സ്ത്രീകളെ പോലും എങ്ങനെ പരാജയപ്പെടുത്തുന്നു എന്നതിന്റെ അക്കാഡമിക് തെളിവാണ്. ഇത് ഒരു വ്യക്തിഗത ദുരന്തകഥയല്ല; നയരൂപകൽപ്പനയിലെ ഘടനാപരമായ വിടവുകളുടെ ഫലമാണ്. സരോജിനി (പേര് മാറ്റിയിരിക്കുന്നു) 67 വയസ്സുള്ള, ബിരുദാനന്തര ബിരുദധാരിയായ മുൻ സർക്കാർ സ്കൂൾ അധ്യാപികയാണ്. മുപ്പത്തിയഞ്ച് വർഷത്തിലധികം സേവനം ചെയ്ത ശേഷം അവൾ വിരമിച്ചു. ഭർത്താവ് നേരത്തെ മരിച്ചു. മക്കൾ ഇരുവരും വിദേശത്താണ്. നയരേഖകളുടെ ഭാഷയിൽ സരോജിനി “സുരക്ഷിത വയോധിക” വിഭാഗത്തിൽ ഉൾപ്പെടേണ്ടയാളാണ് സ്ഥിരമായ വരുമാനം ഉണ്ടായിരുന്ന, വിദ്യാഭ്യാസമുള്ള, തൊഴിൽചരിത്രമുള്ള ഒരാൾ. എന്നാൽ യാഥാർത്ഥ്യം ഇതിന് തികച്ചും വിരുദ്ധമാണ്.
വിരമിച്ച ഉടൻ തന്നെ സരോജിനി നേരിട്ട ആദ്യ പ്രതിസന്ധി സ്വതന്ത്രമായി താമസിക്കാൻ ഇടം കണ്ടെത്താനാകാത്തതായിരുന്നു. നഗരത്തിലെ വാടകവീടുകളുടെ വിപണി വയോധിക സ്ത്രീകളെ “അപകടസാധ്യത”യായി കാണുന്നു. “ഒറ്റയ്ക്ക് താമസിക്കുമോ?”, “അസുഖമുണ്ടായാൽ ആരാണ് നോക്കുക?”, “മക്കൾ സമീപത്തില്ലേ?”—ഇവ ചോദ്യങ്ങളായി തോന്നാമെങ്കിലും, യഥാർത്ഥത്തിൽ അവ നിരാകരണത്തിന്റെ ഭാഷയാണ്. വിവാഹിതയല്ലാത്തതും പുരുഷസംരക്ഷണമില്ലാത്തതുമായ ഒരു വയോധിക സ്ത്രീ എന്ന നിലയിൽ സരോജിനി വാടകവിപണിയിൽ തന്നെ അയോഗ്യയാകുന്നു.

സരോജിനിയുടെ പെൻഷൻ നഗരത്തിലെ വാടക നിരക്കുകളോട് പൊരുത്തപ്പെടുന്നില്ല. ഇവിടെ വ്യക്തമായി കാണുന്ന ഒരു നയവിടവ്, പെൻഷൻ നയം നഗരജീവിതച്ചെലവിനെ പരിഗണിക്കുന്നില്ല എന്നതാണ്. പ്രത്യേകിച്ച് വീടുവാടക പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ കണക്കിലെടുക്കാത്തതിനാൽ, വിരമിച്ച സ്ത്രീകൾക്ക് നഗരത്തിൽ സ്വതന്ത്രമായി ജീവിക്കുക അസാധ്യമായി മാറുന്നു. ഇതിന്റെ ഫലമായി സരോജിനി ആദ്യം സ്വകാര്യ പേയിംഗ് ഗസ്റ്റ് സംവിധാനത്തിലേക്കും പിന്നീട് പരിചിതരുടെ വീടുകളിലേക്കും മാറേണ്ടിവന്നു. ഓരോ മാറ്റവും അവളുടെ സ്വയംഭരണവും സ്വകാര്യതയും കുറച്ചുകൊണ്ടിരുന്നു. ഇവിടെ രണ്ടാമത്തെ വലിയ നയവിടവ് വെളിവാകുന്നു വയോധിക സ്ത്രീകൾക്കായി സ്വതന്ത്രമായ വാസസൗകര്യങ്ങൾ ഇല്ലാത്തത്. ഇന്ത്യയിലെ വയോധിക നയങ്ങൾ കുടുംബത്തെ സ്വാഭാവിക പരിചരണ ഘടകമായി കണക്കാക്കുന്നു. പക്ഷേ സരോജിനിയുടെ ജീവിതം തെളിയിക്കുന്നത്, കുടുംബം ലഭ്യമല്ലാത്ത വയോധിക സ്ത്രീകൾ നയങ്ങളിൽ തന്നെ “അനുമാനിക്കപ്പെടാത്തവർ” ആണെന്ന സത്യമാണ്. സർക്കാർ നിയന്ത്രിത വയോധിക ഹോസ്റ്റലുകൾ അത്യന്തം കുറവാണ്; അവയ്ക്കുള്ള കാത്തിരിപ്പുപട്ടിക വർഷങ്ങളാണ്. സ്വകാര്യ അസിസ്റ്റഡ് ലിവിംഗ് കേന്ദ്രങ്ങൾ സരോജിനിയുടെ പെൻഷൻ ശേഷിക്ക് അതീതമാണ്.

മാനസികമായി സരോജിനി നേരിടുന്നത് സാധാരണ ഒറ്റപ്പെടലല്ല, മറിച്ച് സ്ഥാപനപരമായ ഒറ്റപ്പെടലാണ്. സ്വതന്ത്രമായി ജീവിക്കാൻ ആവശ്യമായ അടിസ്ഥാന ഘടകങ്ങൾ നയങ്ങൾ നൽകാത്തതിനാൽ ഉണ്ടാകുന്ന ഒറ്റപ്പെടൽ. അവൾ വിഷാദത്തിന്റെ തുടക്കഘട്ടങ്ങൾ അനുഭവിച്ചെങ്കിലും, നഗര പ്രാഥമികാരോഗ്യ സംവിധാനത്തിൽ വയോധിക സ്ത്രീകൾക്കായി പ്രത്യേകമായ മാനസികാരോഗ്യ സ്ക്രീനിംഗ് സംവിധാനമില്ല. “വിരമിച്ചാൽ ഇങ്ങനെ തോന്നും” എന്ന മറുപടിയിലാണ് അവളുടെ മാനസികവേദന ഒതുക്കപ്പെട്ടത്. ഇത് ചികിത്സയുടെ അഭാവമല്ല; വയസും ലിംഗവും ചേർന്ന മുൻവിധിയുടെ ഫലമാണ്. ഈ കേസിൽ മറ്റൊരു പ്രധാന നയവിടവ് രേഖകളും ചലനശേഷിയും തമ്മിലുള്ള പൊരുത്തക്കേടാണ്. സരോജിനി പലതവണ താമസം മാറ്റേണ്ടിവന്നതോടെ അവളുടെ വിലാസം സ്ഥിരമല്ലാതായി. ഇതോടെ ബാങ്കിംഗ് സേവനങ്ങൾ, ആരോഗ്യസേവനങ്ങൾ, സാമൂഹ്യസുരക്ഷ all conditional ആയി മാറി. സ്ഥിരവിലാസം ഇല്ലെങ്കിൽ അവകാശങ്ങളും അസ്ഥിരമാകുന്നു. ഇത് വയോധികർ ഒരിടത്ത് തന്നെ സ്ഥിരമായി കഴിയുമെന്ന തെറ്റായ നയഅനുമാനത്തിന്റെ ഫലമാണ്. അക്കാഡമിക് തലത്തിൽ ഈ കേസ് സ്റ്റഡി മൂന്ന് അടിസ്ഥാന സിദ്ധാന്തപര പ്രശ്നങ്ങൾ മുന്നോട്ടുവയ്ക്കുന്നു. ഒന്നാമത്, തൊഴിൽ അവസാനിക്കുന്നതോടെ ഉത്പാദനശേഷിയുള്ള പൗരത്വം അവസാനിക്കുന്നു എന്ന നയധാരണ. രണ്ടാമത്, പരിചരണ ചുമതല കുടുംബത്തിലേക്ക് തള്ളുന്ന ക്ഷേമസംവിധാനം. മൂന്നാമത്, വാസസ്ഥലത്തെ ഒരു വിപണിവസ്തുവായി മാത്രം കാണുന്ന സമീപനം, അതിനെ സാമൂഹ്യസുരക്ഷയായി അംഗീകരിക്കാത്തത്.

സരോജിനി ഒരു അപവാദമല്ല. അവൾ ഉയർന്നുവരുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയാണ് വിദ്യാഭ്യാസമുള്ളതും ജോലി ചെയ്തതുമായ, എന്നാൽ വിരമിച്ച ശേഷം സ്വതന്ത്രമായി ജീവിക്കാൻ ഇടമില്ലാത്ത വയോധിക സ്ത്രീകൾ. ഈ വിഭാഗം വേഗത്തിൽ വർധിച്ചുവരുന്നുണ്ടെങ്കിലും, നയങ്ങളിൽ അതിന് പേരോ സ്ഥാനമോ ഇല്ല. ഈ കേസ് സ്റ്റഡി തെളിയിക്കുന്ന ഒരു അടിസ്ഥാന സത്യം ഇതാണ്: വയോധിക സ്ത്രീകളുടെ അസുരക്ഷ ദാരിദ്ര്യത്തിൽ നിന്ന് മാത്രമല്ല; നയങ്ങളുടെ കാഴ്ചക്കുറവിൽ നിന്നുമാണ് ഉണ്ടാകുന്നത്.
സരോജിനിയുടെ പ്രശ്നം സഹായം ഇല്ലാത്തതല്ല; സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നയങ്ങൾ അംഗീകരിക്കാത്തതാണ്. ഇത് കരുണയുടെ വിഷയമല്ല. ഇത് സ്വയംഭരണം, മാന്യത, നീതി എന്ന മൂല്യങ്ങളുടെ വിഷയമാണ്. നഗര ഇന്ത്യയുടെ വികസനകഥയിൽ ഏറ്റവും ക്രൂരമായി അദൃശ്യരാക്കപ്പെടുന്ന ഒരു വിഭാഗമുണ്ട്—ഷെൽറ്റർ ഹോം പോലും ഇല്ലാതെ നഗരപ്രാന്തങ്ങളിലേക്കും നടയിരുത്തലുകളിലേക്കും കുടിയേറപ്പെടുന്ന മധ്യവയസ്കരായ സ്ത്രീകൾ. ഇവർ ദരിദ്രർ മാത്രമല്ല; നയങ്ങൾ തന്നെ പുറത്താക്കപ്പെട്ട മനുഷ്യരാണ്. അവരുടെ ജീവിതം ഒരു ദുരന്തമായി സംഭവിക്കുന്നതല്ല; അത് ക്രമേണ നിർമ്മിക്കപ്പെടുന്ന ഒരു നയപരമായ വീഴ്ചയുടെ അന്തിമഫലമാണ്.

ഈ സ്ത്രീകളുടെ കുടിയേറ്റം “സ്വമേധയാ” അല്ല. ഭർത്താവിന്റെ മരണം, ഉപേക്ഷണം, കുടുംബവിഘടനം, തൊഴിലില്ലായ്മ, കടബാധ്യത ഇവയൊക്കെയാണ് അവരെ നഗരത്തിലേക്ക് തള്ളുന്നത്. പക്ഷേ നഗരത്തിലെത്തുമ്പോൾ അവരെ കാത്തിരിക്കുന്നത് തൊഴിൽമേഖലകളോ സാമൂഹ്യസുരക്ഷയോ അല്ല; നടയിരുത്തലുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ പരിസരങ്ങൾ, ഫ്ലൈഓവർ കീഴുകൾ എന്നിവയാണ്. ഇവർക്ക് ഒരു വീടില്ല; അതിലുപരി ഒരു വിലാസം പോലും ഇല്ല. വിലാസമില്ലാത്ത മനുഷ്യൻ നയപരമായി ഇല്ലാത്ത മനുഷ്യനാണ്. ഷെൽറ്റർ ഹോം സംവിധാനങ്ങളുടെ അഭാവം ഇവിടെ ഒരു സാങ്കേതിക കുറവല്ല; അത് ലിംഗാന്ധമായ നഗരനയങ്ങളുടെ പ്രതിഫലനമാണ്. നിലവിലുള്ള ഷെൽറ്ററുകൾ പോലും പുരുഷകേന്ദ്രിതമാണ് രാത്രി ഉറങ്ങാനുള്ള ഇടം മാത്രമായി രൂപകൽപ്പന ചെയ്തവ. സ്ത്രീകൾക്കായി ആവശ്യമായ സ്വകാര്യത, സുരക്ഷ, ശുചിത്വം, ആരോഗ്യപരിചരണം എന്നിവ അവയിൽ ഇല്ല. മധ്യവയസ്കരായ സ്ത്രീകൾ, പ്രത്യേകിച്ച് ഒറ്റയ്ക്കുള്ളവർ, ഈ ഷെൽറ്ററുകളിലേക്ക് പോകാൻ പോലും ഭയപ്പെടുന്നു. അങ്ങനെ അവർ തെരുവിനെയാണ് “കുറഞ്ഞ അപകടമുള്ള” ഇടമായി തിരഞ്ഞെടുക്കുന്നത്. ഇതാണ് നയപരമായ പരാജയത്തിന്റെ ഏറ്റവും ഭീകരമായ വിരോധാഭാസം.

നടയിരുത്തലുകളിലെ ജീവിതം ശാരീരിക ദാരിദ്ര്യത്തെക്കാൾ അധികം മാനസിക തകർച്ച സൃഷ്ടിക്കുന്നു. സ്ഥിരമായ അസുരക്ഷ, രാത്രികാല ലൈംഗിക അതിക്രമ ഭീഷണി, പൊലീസ് പീഡനം, സാമൂഹിക അപമാനം—ഇവയെല്ലാം അവരുടെ ദിനചര്യയുടെ ഭാഗമാണ്. എന്നിട്ടും, ഇവരുടെ മാനസികാരോഗ്യം ഒരു നയപ്രശ്നമായി പോലും പരിഗണിക്കപ്പെടുന്നില്ല. “അവർ തെരുവിലാണ്” എന്ന ഒരു ലേബലിൽ അവരുടെ മാനുഷികാവസ്ഥ തന്നെ നിഷേധിക്കപ്പെടുന്നു. ഈ സ്ത്രീകളിൽ പലരും മുമ്പ് വീടുണ്ടായിരുന്നവരാണ്. കൃഷിത്തൊഴിലാളികൾ, ഫാക്ടറി തൊഴിലാളികൾ, വീട്ടുജോലിക്കാർ, ചെറിയ കടകളിൽ ജോലി ചെയ്തവർ. അവരുടെ ജീവിതം മുഴുവൻ അനൗപചാരിക തൊഴിൽ ആയതിനാൽ, പെൻഷനും സേവിങ്‌സും സാമൂഹ്യസുരക്ഷയും ഒരിക്കലും ലഭിച്ചിട്ടില്ല. തൊഴിൽ നഷ്ടപ്പെട്ട നിമിഷം മുതൽ അവർ സമ്പൂർണ്ണമായി വീഴുന്നു. നഗരത്തിലെ അനൗപചാരിക തൊഴിൽ വിപണി ഇവരെ ഉൾക്കൊള്ളുന്നില്ല; ഉൾക്കൊള്ളുന്നിടത്തോളം അത് ക്രൂരമായ ചൂഷണത്തിലൂടെയാണ്.

ഇവിടെ മറ്റൊരു കൃത്യമായ നയവിടവ് വെളിവാകുന്നു—കുടുംബം സ്വാഭാവിക സുരക്ഷാകവചമാണ് എന്ന ധാരണ. ഈ സ്ത്രീകൾക്ക് കുടുംബമില്ല, അല്ലെങ്കിൽ കുടുംബം തന്നെ അവരെ പുറത്താക്കിയതാണ്. അത്തരം സാഹചര്യങ്ങൾ നയങ്ങൾ പരിഗണിക്കുന്നില്ല. കുടുംബം ഇല്ലാത്ത സ്ത്രീ നയങ്ങളിൽ ഒരു “അസാധാരണത” മാത്രമാണ്; അതിനാൽ അവൾക്കായി ഒരു സംരക്ഷണ രൂപകൽപ്പന തന്നെ ഇല്ല. നഗരസഭകളും സംസ്ഥാനങ്ങളും പലപ്പോഴും ഇവരെ “encroachers” ആയി കാണുന്നു—നടയിരുത്തൽ കൈയ്യേറിയവർ. പുറന്തള്ളലുകൾ, ബലപ്രയോഗങ്ങൾ, കുടിലുകൾ തകർക്കൽ—ഇവയെല്ലാം “നഗരസൗന്ദര്യവൽക്കരണം” എന്ന പേരിൽ ന്യായീകരിക്കപ്പെടുന്നു. പക്ഷേ ഇവിടെ ചോദിക്കേണ്ട ചോദ്യം ലളിതമാണ്: ഒരു ഷെൽറ്റർ പോലും നൽകാതെ മനുഷ്യരെ പുറത്താക്കുന്നത് ഏത് നൈതികതയുടെ പേരിലാണ്? ഇത് ഭരണപരമായ നടപടിയല്ല; അത് മാനുഷികാവകാശ ലംഘനമാണ്.

മധ്യവയസ്കരായ സ്ത്രീകളുടെ തെരുവിലേക്കുള്ള വീഴ്ച ഒരു “അവസാനഘട്ട”മാണ്. അതിന് മുമ്പ് അവർ നിരവധി അദൃശ്യ ഘട്ടങ്ങൾ കടന്നുപോയിട്ടുണ്ട് വാടകവീടുകളിൽ നിന്ന് പുറത്താക്കൽ, ജോലി നഷ്ടം, പരിചിതരുടെ വീടുകളിൽ നിന്ന് പുറത്താക്കൽ, താൽക്കാലിക ഇടങ്ങളിൽ നിന്നുള്ള ഒഴിപ്പിക്കൽ. ഓരോ ഘട്ടത്തിലും നയങ്ങൾ ഇടപെടാൻ പരാജയപ്പെട്ടു. തെരുവ് അവരുടെ ആദ്യതാമസമല്ല; അത് നയപരമായ പരാജയങ്ങളുടെ അവസാന നിലയമാണ്. ഈ യാഥാർഥ്യം ഒരു കാര്യം നിർഭാഗ്യവശാൽ വ്യക്തമാക്കുന്നു: ഇന്ത്യയിലെ നഗരനയങ്ങൾ ഇപ്പോഴും പുരുഷ തൊഴിലാളിയുടെ ശരീരത്തെ മാത്രമാണ് കേന്ദ്രമാക്കുന്നത്. സ്ത്രീകൾ, പ്രത്യേകിച്ച് മധ്യവയസ്കരായ സ്ത്രീകൾ, ഈ കണക്കുകളിൽ ഉൾപ്പെടുന്നില്ല. ഷെൽറ്റർ ഹോം, ഹൗസിംഗ്, സാമൂഹ്യസുരക്ഷ എല്ലാം ലിംഗസൂക്ഷ്മതയില്ലാതെ രൂപകൽപ്പന ചെയ്യുമ്പോൾ, തെരുവ് സ്ത്രീകളുടെ സ്ഥിരം വിലാസമാകുന്നു. ഇത് കരുണയുടെ വിഷയമല്ല. ഇത് സഹായപദ്ധതികളുടെ അഭാവം മാത്രവുമല്ല. ഇത് നഗരങ്ങൾ ആരെ മനുഷ്യരായി കണക്കാക്കുന്നു, ആരെ വേണ്ടെന്നു വെക്കുന്നു എന്നതിന്റെ രാഷ്ട്രീയപ്രഖ്യാപനമാണ്.

ഷെൽറ്റർ ഹോം പോലും ഇല്ലാതെ നഗരപ്രാന്തങ്ങളിലേക്കും നടയിരുത്തലുകളിലേക്കും കുടിയേറപ്പെടുന്ന മധ്യവയസ്കരായ സ്ത്രീകൾ ഒരു സാമൂഹ്യഅപവാദമല്ല. അവർ ഇന്ത്യയുടെ നഗരവികസനത്തിന്റെ ജീവിക്കുന്ന കുറ്റപത്രമാണ്. ഈ യാഥാർഥ്യം ഒരു കാര്യം കൃത്യമായി വ്യക്തമാക്കുന്നു: ഇന്ത്യയുടെ ക്ഷേമനയങ്ങളുടെ അടിസ്ഥാനം ഇന്നും “കുടുംബം തന്നെ എല്ലാം കൈകാര്യം ചെയ്യും” എന്ന ധാരണയിലാണ്. ആ ധാരണ care burden സ്ത്രീകളിലേക്ക് തള്ളുന്നു, പ്രത്യേകിച്ച് വയോധിക സ്ത്രീകളിലേക്ക്. നഗര പദ്ധതി യുവ പുരുഷ തൊഴിലാളിയെ മാത്രം കാണുന്നു; ageing policy സ്ഥിരതാമസമുള്ള വയസ്സാകലാണ് അനുമാനിക്കുന്നത്; migration policy തൊഴിൽകേന്ദ്രിതവും പരിചരണാന്ധവുമാണ്. ഈ നയകാഴ്ചക്കുറവുകളാണ് വയോധിക കുടിയേറ്റ സ്ത്രീകളെ അദൃശ്യരാക്കുന്നത്.

ഇത് കരുണയുടെ പ്രശ്നമല്ല. ഇത് നീതിയുടെ പ്രശ്നമാണ്. പോർട്ടബിൾ പെൻഷൻ ഇല്ലാതെ സാമൂഹ്യസുരക്ഷ അർഥശൂന്യമാണ്. വിലാസനിരപേക്ഷമായ ആരോഗ്യസേവനങ്ങൾ ഇല്ലാതെ നഗരാരോഗ്യം സമാവിഷ്കൃതമാകില്ല. ലിംഗസൂക്ഷ്മമായ ജീരിയാട്രിക് മാനസികാരോഗ്യ സേവനങ്ങൾ ഇല്ലാതെ “ആരോഗ്യകരമായ വയസ്സാകൽ” എന്ന വാക്ക് ശൂന്യപ്രഖ്യാപനമാണ്. സുരക്ഷിത വാസസ്ഥലം ഇല്ലാതെ മാന്യത rhetoric മാത്രമാണ്. വയോധിക ഗ്രാമീണ സ്ത്രീകളുടെ കുടിയേറ്റം ഭൂപ്രദേശങ്ങളിലൂടെയുള്ള ഒരു സഞ്ചാരമല്ല. അത് നയപരമായ അദൃശ്യതയിലേക്കുള്ള ഒരു കടന്നുപോകലാണ്. ജനസംഖ്യാ ലാഭത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു രാജ്യം, തന്റെ വീടുകളും വയലുകളും അനൗപചാരിക സമ്പദ്‌വ്യവസ്ഥയും താങ്ങിനിർത്തിയ സ്ത്രീകളെ വയസ്സാകുമ്പോൾ മറവിയിലേക്കു തള്ളാൻ കഴിയുമോ എന്ന ചോദ്യം ഇനി സിദ്ധാന്തപരമല്ല. അത് ഇന്ത്യയുടെ വികസന നൈതികതയെ നേരിട്ട് ചോദ്യം ചെയ്യുന്ന ഒരു രാഷ്ട്രീയ–മാനവിക ചോദ്യം തന്നെയാണ്.ഗ്രാമീണ വയോധിക സ്ത്രീകളുടെ നഗര കുടിയേറ്റം ഭൂപ്രദേശങ്ങളിലൂടെയുള്ള ഒരു നീക്കമല്ല. അത് നയപരമായ അദൃശ്യതയിലേക്കുള്ള ഒരു കടന്നുപോകലാണ്. ഈ നയവിടവുകൾ കൃത്യമായി തിരിച്ചറിയുകയും പൂട്ടുകയും ചെയ്യാതെ “വികസനം” എന്ന വാക്കിന് മനുഷ്യാർഥം ഉണ്ടാകില്ല.
കേരളം പലപ്പോഴും സാമൂഹിക സുരക്ഷയുടെയും മാനവിക ബോധത്തിന്റെയും “മാതൃക”യായി അവതരിപ്പിക്കപ്പെടുന്ന സംസ്ഥാനമാണ്. എന്നാൽ ആ ആത്മവിശ്വാസത്തിന്റെ അടിത്തട്ടിൽ തന്നെ, നാം മനസ്സിലാക്കാതെ പോകുന്ന ഒരു അപകടസാധ്യത വളരുന്നുണ്ട്. കേരളത്തിലും മണികർണ്ണിക ഘട്ടുകൾ ഉയർന്നു വരാനുള്ള സാധ്യതകൾ തള്ളി കളയാനാവില്ല ഇത് അതിശയോക്തിയല്ല, മറിച്ച് നിലവിലുള്ള നയവിടവുകളുടെ യുക്തിസഹമായ അന്തിമഫലമാണ്.

മണികർണ്ണിക ഘട്ട് എന്നത് ഒരു മതപരമായോ ഭൗഗോളമായോ പ്രതീകം മാത്രമല്ല. അത് സാമൂഹിക ഉപേക്ഷണത്തിന്റെ അന്തിമദൃശ്യമാണ് ജീവിച്ചിരിക്കുമ്പോൾ ഒരു ഇടവും ഇല്ലാതിരുന്ന മനുഷ്യർ, മരിക്കുമ്പോൾ പോലും അദൃശ്യരാകുന്ന അവസ്ഥ. ഇന്നത്തെ കേരളത്തിൽ അത്തരം ദൃശ്യങ്ങൾ “ഇല്ല” എന്ന് പറയാൻ നമുക്ക് കഴിയുന്നുണ്ടെങ്കിലും, അവ ഉണ്ടാകാൻ വേണ്ട എല്ലാ ഘടകങ്ങളും പതുക്കെ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഒന്നാമതായി, കുടുംബം എന്ന സുരക്ഷാകവചം തകർന്നുകൊണ്ടിരിക്കുകയാണ്. വയോധികരും മധ്യവയസ്കരുമായ സ്ത്രീകൾ, പ്രത്യേകിച്ച് ഭർത്താവിനെ നഷ്ടപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായവർ, ഇന്ന് കേരളത്തിൽ സാമൂഹികമായി കൂടുതൽ ഒറ്റപ്പെടുകയാണ്. മക്കളുടെ വിദേശമാറ്റവും നഗരമാറ്റവും, ന്യൂക്ലിയർ കുടുംബരൂപങ്ങളുടെ വ്യാപനവും, “പരിചരണം കുടുംബത്തിന്റെ ഉത്തരവാദിത്വമാണ്” എന്ന നയധാരണയെ ശൂന്യമാക്കുന്നു. കുടുംബം ഇല്ലാത്ത സ്ത്രീകൾക്കായി സംസ്ഥാനത്തിന് ഒരു സമ്പൂർണ്ണ ബദൽ സംവിധാനമില്ല.

രണ്ടാമതായി, ഷെൽറ്റർ ഹോം സംവിധാനങ്ങളുടെ ഗുരുതരമായ അഭാവം. കേരളത്തിൽ ഉള്ള കുറച്ച് ആശ്രയകേന്ദ്രങ്ങൾ പോലും അടിയന്തര ഇടപെടലുകളായി മാത്രമാണ് പ്രവർത്തിക്കുന്നത്. ദീർഘകാല താമസത്തിനോ, മാനസിക പുനരധിവാസത്തിനോ, ജീവിതം പുനഃസ്ഥാപിക്കാനോ ഉള്ള സംവിധാനങ്ങൾ അത്യന്തം പരിമിതമാണ്. സ്ത്രീകൾക്കായി സുരക്ഷിതവും മാന്യതയുള്ളതുമായ ഷെൽറ്ററുകൾ ഇല്ലാത്ത സാഹചര്യത്തിൽ, തെരുവ് തന്നെ “സ്ഥിര താമസമേഖല” ആയി മാറുന്നു. തെരുവിൽ നിന്ന് ശ്മശാനപരിസരങ്ങളിലേക്കുള്ള ദൂരം സാമൂഹികമായി വളരെ ചെറുതാണ്. മൂന്നാമതായി, അനൗപചാരിക തൊഴിലും പെൻഷൻരഹിതമായ ജീവിതവും. കേരളത്തിലെ വലിയൊരു സ്ത്രീജനവിഭാഗം ജീവിതം മുഴുവൻ ശമ്പളമില്ലാത്ത കെയർ ജോലികളിലും അനൗപചാരിക തൊഴിലും ചെലവഴിച്ചവരാണ്. ജോലി അവസാനിക്കുന്ന നിമിഷം മുതൽ അവർക്കു വരുമാനമില്ല, സാമൂഹിക സുരക്ഷയില്ല. നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും വാടകവീടുകളിൽ നിന്ന് പുറത്താക്കപ്പെടുന്ന ഈ സ്ത്രീകൾ ആദ്യം താൽക്കാലിക ഇടങ്ങളിലേക്കും പിന്നീട് തെരുവിലേക്കും തള്ളപ്പെടുന്നു. ഇതൊരു പെട്ടെന്നുള്ള വീഴ്ചയല്ല; നയങ്ങൾ ഇടപെടാതെ വിട്ട ഒരു ക്രമേണ നടന്ന സാമൂഹിക വീഴ്ചയാണ്.

നാലാമതായി, മാനസികാരോഗ്യ നയങ്ങളുടെ അഭാവം. തെരുവിലേക്കു വീഴുന്ന സ്ത്രീകളിൽ പലർക്കും മുൻകൂട്ടി മാനസിക തളർച്ചയും ഉത്കണ്ഠയും ഉണ്ടാകുന്നുണ്ട്. എന്നാൽ പ്രാഥമികാരോഗ്യ സംവിധാനങ്ങൾ ഇത് തിരിച്ചറിയുകയോ ഇടപെടുകയോ ചെയ്യുന്നില്ല. സ്ത്രീയുടെ മാനസിക തകർച്ച “വ്യക്തിപര പ്രശ്നം” എന്ന നിലയിലാണ് കാണപ്പെടുന്നത്. ഈ അവഗണനയാണ് പിന്നീട് അവരെ പൂർണ്ണമായ സാമൂഹിക ഉപേക്ഷണത്തിലേക്ക് നയിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ ചികിത്സയില്ലാത്തവർക്കു മരിച്ച ശേഷം മാന്യത ഉണ്ടാകുമെന്നു കരുതുന്നത് നിസാരമായ ഭ്രമമാണ്. അഞ്ചാമതായി, നഗരസഭകളുടെ ‘ശുചീകരണ’ രാഷ്ട്രീയങ്ങൾ. നഗര സൗന്ദര്യവൽക്കരണത്തിന്റെ പേരിൽ നടയിരുത്തലുകളിലും താൽക്കാലിക കുടിലുകളിലും കഴിയുന്നവരെ പുറത്താക്കുമ്പോൾ, “ഇവരെ എവിടേക്ക്?” എന്ന ചോദ്യം ഭരണകൂടം തന്നെ ചോദിക്കാറില്ല. ഒരു ഷെൽറ്റർ പോലും ഒരുക്കാതെ മനുഷ്യരെ ഒഴിപ്പിക്കുന്നത്, അവരെ സാമൂഹിക മരണത്തിലേക്ക് തള്ളുന്നതിന് തുല്യമാണ്. തെരുവിൽ നിന്ന് ശ്മശാനത്തിലേക്കുള്ള വഴിയാണ് ഇവിടെ നയങ്ങൾ തുറന്നിടുന്നത്.

Read more

ഇതെല്ലാം ചേർന്നാൽ, കേരളത്തിൽ മണികർണ്ണിക ഘട്ടുകൾ “ഉണ്ടാകുമോ?” എന്ന ചോദ്യം സങ്കൽപ്പാത്മകമല്ല. നാം ഈ നയവിടവുകൾ തുടർന്നും അവഗണിച്ചാൽ, അവ ഉണ്ടാകാതിരിക്കാൻ കാരണമൊന്നുമില്ല. മണികർണ്ണിക ഘട്ട് ഒരു നഗരത്തിന്റെ ആത്മാവിന്റെ പരാജയമാണ്. അതുണ്ടാകുന്നത് ഒരുദിവസം പെട്ടെന്നല്ല; അത് പതുക്കെ, നിശ്ശബ്ദമായി, മനുഷ്യരെ ഓരോ ഘട്ടത്തിലും ഉപേക്ഷിച്ചുകൊണ്ടാണ് നിർമ്മിക്കപ്പെടുന്നത്.
ഇത് കരുണയുടെ ചർച്ചയല്ല.
ഇത് ദാനത്തിന്റെ ചർച്ചയുമല്ല.
ഇത് ജീവിച്ചിരിക്കുമ്പോൾ മനുഷ്യന് ഇടമില്ലാത്ത ഒരു സമൂഹം, മരിച്ച ശേഷവും അവന് മാന്യത നൽകുമോ? എന്ന അടിസ്ഥാന രാഷ്ട്രീയ–നൈതിക ചോദ്യമാണ്.
കേരളം ഈ ചോദ്യം ഇപ്പോൾ തന്നെ നേരിടണം.
അല്ലെങ്കിൽ, മണികർണ്ണിക ഘട്ടുകൾ നമ്മളെ നേരിടും.