തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടപെടല്‍ ഉന്നതങ്ങളില്‍ നിന്ന്; സ്ഥിരീകരിച്ച് കേരള വര്‍മ കോളേജ് പ്രിന്‍സിപ്പല്‍

തൃശൂര്‍ കേരള വര്‍മ കോളേജില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എംകെ സുദര്‍ശന്‍ ഇടപെട്ടതായി സ്ഥിരീകരണം. റീ കൗണ്ടിംഗ് നടത്തണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എംകെ സുദര്‍ശന്‍ നിര്‍ദ്ദേശിച്ചിരുന്നതായി കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ടിഡി ശോഭ പറഞ്ഞു. റീ കൗണ്ടിംഗ് നിറുത്തി വയ്ക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതായും ശോഭ കൂട്ടിച്ചേര്‍ത്തു.

മാനേജ്മെന്റ് പറഞ്ഞാല്‍ അനുസരിക്കാതിരിക്കാനാവില്ല. ക്യാമ്പസില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമോ എന്നത് ആലോചിച്ച് തീരുമാനിക്കും. തിരഞ്ഞെടുപ്പ് കാര്യങ്ങളില്‍ പൂര്‍ണ അധികാരം റിട്ടേണിംഗ് ഓഫീസര്‍ക്കാണെന്നും ശോഭ അറിയിച്ചു. കോളേജില്‍ ആദ്യം ഫലപ്രഖ്യാപനം നടക്കുമ്പോള്‍ കെഎസ്‌യു സ്ഥാനാര്‍ത്ഥി ഒരു വോട്ടിന് വിജയിച്ചതായി അറിയിച്ചു. തുടര്‍ന്ന് എസ്എഫ്‌ഐ റീ കൗണ്ടിംഗ് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഒന്നിലേറെ തവണ നടന്ന റീ കൗണ്ടിംഗിനൊടുവില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി 11 വോട്ടിന് വിജയിച്ചതായി ഫലം വന്നു. ഇതിനിടയില്‍ കോളേജില്‍ വൈദ്യുതി തടസപ്പെട്ടിരുന്നു. എന്നാല്‍ ഈ സമയം ബാലറ്റ് പേപ്പറുകളുടെ എണ്ണം വര്‍ദ്ധിച്ചതായി കെഎസ്‌യു ആരോപിക്കുന്നു. രാത്രി വൈകിയും വോട്ടെണ്ണി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചത് ഉന്നത നിര്‍ദേശ പ്രകാരമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എംകെ സുദര്‍ശന്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടതായി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ആരോപിച്ചത്. അതേസമയം, നിയമപരമായ കൗണ്ടിംഗ് പൂര്‍ത്തിയാക്കാനാണ് താന്‍ നിര്‍ദേശിച്ചതെന്ന വാദവുമായി സുദര്‍ശനും രംഗത്തെത്തിയിട്ടുണ്ട്.