മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ തീവ്രശ്രമം, ആരോഗ്യനില തൃപ്തികരം

പാലക്കാട് മലമ്പുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ തീവ്ര ശ്രമം തുടരുന്നു. കരസേന ബാബുവിന്റെ അടുത്തെത്തി. ബാബുവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഭക്ഷണമോ വെള്ളമോ എത്തിച്ച് നല്‍കാനും ശ്രമിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ സജ്ജമായിരിക്കണമെന്ന് സേന നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്. സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. യുവാവിനെ ഉടന്‍ തന്നെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് അറിയുന്നത്. യുവാവ് മലയിടുക്കില്‍ കുടുങ്ങിയിട്ട് 40 മണിക്കൂര്‍ പിന്നിട്ടു.

ഇന്നലെ രാത്രി തന്നെ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും വെളിച്ചം ഇല്ലാതിരുന്നത് ബുദ്ധിമുട്ടായി. നിലവില്‍ പ്രദേശത്ത് വെളിച്ചം വീണ് തുടങ്ങുന്നതോടെ രക്ഷാ പ്രവര്‍ത്തനം തുടങ്ങും. ഒമ്പത് പേര്‍ അടങ്ങുന്ന കരസേന സംഘമാണ് രക്ഷാ ദൗത്യം നടത്തുന്നത്. പൊലീസില്‍ നിന്നുള്ള പ്രത്യേക സംഘവും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും അടക്കം സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിന് ഒപ്പമുണ്ട്.

മലയാളിയായ ലെഫ്. കേണല്‍ ഹേമന്ത് രാജിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാ പ്രവര്‍ത്തനം നടക്കുന്നത്. ഒമ്പത് അംഗ സംഘത്തില്‍ 2 പേര്‍ എവറസ്റ്റ് കയറിയിട്ടുള്ളവരാണ്. എന്‍.ഡി.ആര്‍.എഫ് സംഘവും, ബാംഗ്ലൂര്‍ പാരാ റെജിമെന്റല്‍ സെന്ററില്‍ നിന്നുള്ള പാരാ കമാന്‍ണ്ടോസും സ്ഥലത്തുണ്ട്.

ഹെലികോപ്റ്ററിന്റെ സഹായത്തോടെ യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിഫലമായിരുന്നു. പാറകളുടെ ഘടനയും, ശക്തമായ കാറ്റും രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയായിരുന്നു.

നിലവില്‍ കളക്ടറും, ജനപ്രതിനിധികളും, ബാബുവിന്റെ ബന്ധുക്കളുമടക്കം നിരവധി പേര്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

Read more

മലമ്പുഴ ചെറാട് സ്വദേശി ആര്‍. ബാബുവാണ് കഴിഞ്ഞ ദിവസം കാല്‍ വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്. ബാബുവും മൂന്ന് സുഹൃത്തുക്കളും കൂടിയാണ് മല കയറിയത്. ഇതിനിടെ ബാബു കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബാബുവിനെ രക്ഷിക്കാനായി വടിയും മറ്റും ഇട്ട് നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.പിന്നീട് ബാബുവിന്റെ സുഹൃത്തുക്കള്‍ മലയിറങ്ങിയ ശേഷം പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.