കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ജാര്‍ഖണ്ഡില്‍ നിന്നെത്തിയവര്‍ പരിശീലകര്‍; ഉള്‍വനത്തില്‍ ക്യാമ്പ് ചെയ്തിരിക്കുന്നത് അന്‍പതിലേറെ പേര്‍

സംസ്ഥാനത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ കണ്ണൂര്‍ കേളകം രാമച്ചിയിലെ വീട്ടിലെത്തി സായുധ സംഘം ഫോണുകള്‍ ചാര്‍ജ്ജ് ചെയ്ത് മടങ്ങിയതായി റിപ്പോര്‍ട്ട്. അഞ്ചംഗ സായുധ സംഘമാണ് കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടിലെത്തിയത്. പ്രദേശത്ത് പൊലീസ് നേരത്തെ ഹെലികോപ്ടര്‍ നിരീക്ഷണം ഉള്‍പ്പെടെ നടത്തിയിരുന്നു.

അതേ സമയം വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഉള്‍വനത്തില്‍ അന്‍പതിലേറെ മാവോയിസ്റ്റുകള്‍ ക്യാമ്പ് ചെയ്തിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഉള്‍വനത്തില്‍ തമ്പടിച്ചിരിക്കുന്നതില്‍ ജാര്‍ഖണ്ഡില്‍ നിന്ന് ഉള്‍പ്പെടെയുള്ള മാവോയിസ്റ്റ് പ്രവര്‍ത്തകരുണ്ടെന്നാണ് വിവരം. ജാര്‍ഖണ്ഡില്‍ നിന്നെത്തിയവരാണ് പരിശീലനം നല്‍കുന്നതെന്നും മുഖ്യമന്ത്രിയ്ക്ക് നല്‍കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതേ തുടര്‍ന്ന് സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് കേന്ദ്രവും നിരീക്ഷിച്ചുവരികയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമാകുന്നുവെന്ന് 2021ല്‍ കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയ-സംസ്ഥാന നേതാക്കള്‍ വയനാട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.

കൂടുതല്‍ ദേശീയ നേതാക്കള്‍ വയനാട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചാല്‍ ഇവരുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.