ചുമയ്ക്ക് നൽകിയത് വേദനയുടെ മരുന്ന്; പിഞ്ചു കുഞ്ഞിനെ അവശനിലയിൽ മെഡിക്കൽ കോളജിലേക്ക് മാറ്റി

വണ്ടൂർ താലൂക്കാശുപത്രിയിൽ പിഞ്ചു കുഞ്ഞിന് മരുന്ന മാറി നൽകിയതായി പരാതി. കിടത്തി ചികിത്സയിലുളള ഒന്നര വയസ്സുള്ള കുഞ്ഞിനാണ് ചുമയ്ക്കുള്ള മരുന്നിനു പകരം വേദനയ്ക്കുള്ള മരുന്ന നൽകിയത്.അവശ നിലയിലായ കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.കാപ്പിൽ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. എച്ച്എംസി നിയമിച്ച താൽക്കാലിക നഴ്‌സാണ് ചുമതലയിൽ ഉണ്ടായിരുന്നത്. രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് മരുന്ന് മാറിനൽകിയെന്നാണ് റിപ്പോര്‍ട്ട്.

കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കുട്ടി അപകടനില തരണം ചെയ്തു.സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായെത്തി.നിലവിൽ ചുമതലയിലുള്ള മെഡിക്കൽ ഓഫീസർ ഇപ്പോൾ അവധിയിലാണ്.

Read more

പരാതി കിട്ടിയാലുടൻ വിശദമായ അന്വേഷണം നടത്തുമെന്നും വീഴ്ച പറ്റിയതായി കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ നടപടി എടുക്കുമെന്നും എച്ച്എംസി ചെയർമാൻ കൂടിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ ഹസ്‌കർ ആമയൂർ, ആരോഗ്യ സ്ഥിര സമിതി അധ്യക്ഷൻ വി ശിവശങ്കരൻ എന്നിവർ അറിയിച്ചു.