ഐ.എന്‍.എല്‍; അബ്ദുള്‍ വഹാബ് വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

ഐ.എന്‍.എല്ലില്‍ അബ്ദുള്‍ വഹാബ് വിഭാഗം വിളിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് നടക്കും. പാര്‍ട്ടി പിളര്‍ന്നതിന് പിന്നാലെ തുടര്‍ നീക്കങ്ങല്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യം ഇടത് മുന്നണിയെ കണ്ട് അറിയിക്കുന്നതില്‍ ഇന്ന് തീരുമാനമെടുക്കും. കോഴിക്കോട് വെച്ചാണ് യോഗം ചേരുന്നത്.

22 അംഗ സെക്രട്ടേറിയറ്റില്‍ ഭൂരിപക്ഷം അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് വഹാബ് പക്ഷം. യഥാര്‍ത്ഥ ഐ.എന്‍.എല്‍ എന്ന് അവകാശം ഉന്നയിച്ച് ഇടത് മുന്നണിയെ സമീപിക്കാനാണ് നീക്കം.

നേരത്തെ സംസ്ഥാന നേതൃ കമ്മറ്റികള്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് വഹാബിന്റെ നേതൃത്വത്തില്‍ ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ഐ.എന്‍.എല്‍ സമാന്തരയോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് എ.പി അബ്ദുല്‍ വഹാബ് , സി. സി നാസര്‍ കോയ എന്നിവരടക്കമുള്ളവര്‍ക്കെതിരെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നോട്ടീസിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

ദേശീയനേതൃത്വത്തിന്റെ ഇടപെടലോടെ എ പി അബ്ദുള്‍ വഹാബിന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. അബ്ദുള്‍ വഹാബും കാസിം ഇരിക്കൂറും തമ്മില്‍ നാളുകളായി തുടരുന്ന അഭിപ്രായ ഭിന്നത വലിയ ചര്‍ച്ചയായിരുന്നു.

അതേസമയം പാര്‍ട്ടി നിലപാടിനും ഭരണഘടനയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ താക്കീത് നല്‍കിയിരുന്നു. മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ നീക്കുമെന്ന് പറയുന്നത് അതിമോഹമാണെന്നും, ഇടത് മുന്നണിയുടെ പിന്തുണ തനിക്കുണ്ടെന്നും ദേവര്‍കോവില്‍ വ്യക്തമാക്കിയിരുന്നു.