ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ദ്ധന; ഉത്തരവ് ഒരാഴ്ച കഴിഞ്ഞ്

സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ദ്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരില്ല. നിരക്ക് വര്‍ദ്ധന മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും. മന്ത്രി സഭ പരിഗണിച്ച ശേഷം മാത്രമായിരിക്കും ഉത്തരവിറക്കുക. തിങ്കളാഴ്ച ഓണ്‍ലൈനായാണ് മന്ത്രിസഭായോഗം ചേരുക. ഫെയര്‍ സ്റ്റേജ് ഉള്‍പ്പടെ നിശ്ചയിച്ച ശേഷം ഉത്തരവിറക്കുവെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഇതോടെ പുതുക്കിയ നിരക്ക് നിലവില്‍ വരാന്‍ ഒരാഴ്ച എടുക്കുമെന്നാണ് വിവരം.

ഓര്‍ഡിനറി ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ ഫയര്‍ സ്റ്റേജുകള്‍ പ്രത്യേകം നിശ്ചയിക്കണം. ഇതോടെയാണ് ഉത്തരവിറക്കാന്‍ വൈകുന്നത്.

സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്ക് ഇടതുമുന്നണിയോഗം അംഗീകാരം നല്‍കിയിരുന്നു. മിനിമം ചാര്‍ജ് 10 രൂപയാക്കി. പിന്നീടുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ വീതം കൂടിം. നിലവില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല.

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റമില്ലെങ്കിലും ഈ വിഷയത്തില്‍ ഒരു കമ്മീഷനെ വെച്ച് വിശദമായ പഠനം നടത്താനാണ് യോഗത്തില്‍ എടുത്ത തീരുമാനം.

ഓട്ടോയ്ക്ക് മിനിമം ചാര്‍ജ് 30 രൂപയാക്കും. കിലോമീറ്ററിന് 12 രൂപയില്‍ നിന്ന് 15 രൂപയായി ഉയര്‍ത്തും. ടാക്സി നിരക്കിലും വര്‍ധനവുണ്ട്. 1500 സിസിയ്ക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് ചാര്‍ജ് 225 രൂപയും താഴെയുള്ളവയ്ക്ക് 200 രൂപയുമാക്കി നിജപ്പെടുത്തുമെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്.