സർക്കാരിനെ വെട്ടിലാക്കി 'സ്വന്തം വിസി' ആർഎസ്എസ് പരിപാടിയിൽ; സംസ്ഥാനത്തെ മറ്റ് മൂന്ന് വിസിമാരും സമ്മേളനത്തിൽ

ആർഎസ്എസ് അനുകൂല ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ‘ജ്ഞാനസഭ’യിൽ സംസ്ഥാനത്തെ സർവകലാശാലകളിലെ വിസിമാർ പങ്കെടുത്തതിൽ സർക്കാർ കടുത്ത പ്രതിരോധത്തിൽ. ഗവർണർ നിയമിച്ച കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ വിസിമാർക്ക് പുറമേ, ഫിഷറീസ് സർവകലാശാല (കുഫോസ്)യിലെ സർക്കാരിന്റെ സ്വന്തം വിസിയും ആർഎസ്എസ് വേദിയിലെത്തി.

കുഫോസ് വിസി ഡോ. എ ബിജുകുമാറിന്റെ പങ്കാളിത്തം ആയുധമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. സർക്കാർ നോമിനിയാണ് കുഫോസ് വിസി. സിപിഎം സംഘടനയായ ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ (ഫുട്ട) അംഗമാണ് ബിജുകുമാർ. വിസിമാർക്ക് വ്യക്തിപരമായി തീരുമാനം എടുക്കാമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ മുൻ നിലപാടും തിരിച്ചടിയായി. കുഫോസ് വിസി പങ്കെടുത്തത് മൂലം മറ്റ് വിസിമാർക്കെതിരെ പ്രതിഷേധിക്കാൻ ആകാതെ ഇടത് സംഘടനകളും ആശയക്കുഴപ്പത്തിലായി.

ആർഎസ്എസിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയിൽ സംസ്ഥാനത്തെ 4 സർവകലാശാല വിസിമാരാണ് പങ്കെടുത്തത്. കേരള വിസി ഡോ. മോഹനൻ കുന്നുമ്മേൽ, കാലിക്കറ്റ് വിസി ഡോ. പി രവീന്ദ്രൻ, കണ്ണൂർ വിസി ഡോ. കെകെ സജു എന്നിവരാണ് ജ്ഞാനസഭയിലെത്തിയ മറ്റുപ്രമുഖർ. ഇവർ പങ്കെടുക്കുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നതാണ്. സിപിഎം എതിർപ്പ് മറികടന്നാണ് ഗവർണർ നോമിനിയായി എത്തിയ 4 പേർ പരിപാടിയിൽ പങ്കെടുത്തത്.

Read more

അതേസമയം ജ്ഞാനസഭയിൽ വിസിമാർ പങ്കെടുത്തതിനെ തള്ളിപ്പറയുകയല്ലാതെ നടപടിയെടുക്കാൻ സർക്കാരിനാവില്ല. ആർഎസ്എസ് ഒരു നിരോധിതസംഘടനയല്ല. മാത്രമല്ല, ചാൻസലറായ ഗവർണർകൂടി പങ്കെടുക്കുന്ന പരിപാടിയിൽ വിസിമാരുടെ സാന്നിധ്യം സാങ്കേതികമായി ചോദ്യംചെയ്യാനുമാവില്ല. ആർഎസ്എസ് സ‍ംഘചാലക് മോഹൻ ഭഗവത് പങ്കെടുക്കുന്ന പരിപാടിയിൽ രാജ്യത്തെ നിരവധി സർവകലാശാല വിസിമാർ പങ്കെടുക്കുമെന്നാണ് വിവരം.